ലൈഫ് മിഷൻ: വിസ്തീർണം സംബന്ധിച്ച ഭേദഗതി തീരുമാനം നടപ്പായില്ല

കൊല്ലം: ലൈഫ് മിഷൻ വീടുകളുടെ വിസ്തീർണം സംബന്ധിച്ച ഭേദഗതി നടപ്പാകാത്തതിനാൽ അവസാന ഗഡു ലഭിക്കാതെ നിരവധി ഉപഭോക്താക്കൾ ദുരിതത്തിൽ. ലൈഫ് മിഷനിലൂടെ 400-420 ചതുശ്ര അടി തറവിസ്തീർണമുള്ള വീടുകൾക്കാണ്​ അനുമതി നൽകിയിരുന്നത്. 600ചതുരശ്ര അടിയിൽ കൂടുതൽ തറവിസ്തീർണം വന്നാൽ അവസാന ഗഡുവിന് അർഹതയുണ്ടാകില്ലെന്നായിരുന്നു വ്യവസ്​ഥ. അധികമായി വരുന്ന വിസ്തീർണത്തിൻെറ നിർമാണച്ചെലവ് ഗുണഭോക്താവ് തന്നെ വഹിക്കണമെന്നും നിർമാണം പൂർത്തിയായാൽ മാത്രമേ അവസാന ഗഡുവിന് അർഹതയുണ്ടാകൂ എന്നുമാണ്​ ഭേദഗതി വരുത്തിയത്. സ്ഥലപരിമിതി അനുഭവപ്പെടുന്നവർക്ക് മുകളിൽ ഒരുനില കൂടി പണിയാനുള്ള തടസ്സമുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഭേദഗതി. കഴിഞ്ഞ ആഗസ്​റ്റ് എട്ടിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ലൈഫ് മിഷൻ അവലോകന യോഗത്തിലാണ് ഇതിന്​ നടപടിയെടുക്കാൻ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്ക് ചുമതല നൽകി തീരുമാനമുണ്ടായത്. മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചില്ല. പദ്ധതിപ്രകാരം നിശ്ചിത വിസ്തീർണത്തിൽ കൂടുതൽ പ്ലാൻ സമർപ്പിച്ച് വീട് നിർമാണം ആരംഭിക്കേണ്ടവരും പൂർത്തീകരിച്ചവരും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുമ്പോൾ ഉത്തരവ് ലഭിച്ചില്ലെന്നും അറിയില്ലെന്നുമാണ്​ മറുപടി. വീട് പൂർത്തീകരിച്ചവർക്കാകട്ടെ, അവസാനഗഡു തുക ലഭിക്കാനും തടസ്സം നേരിടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.