നടതള്ളവെ ആരോർക്കാൻ, കാവലായിരുന്നെന്ന്

കൊല്ലം: ഓമനിച്ചുവളർത്തിയ മുന്തിയ ഇനം നായ്ക്കളെയടക്കം മൃതപ്രായമാകുന്നതോടെ നടതള്ളുന്ന സംഭവങ്ങൾ ജില്ലയിൽ വർധിക്കുന്നു. ലോക്ഡൗണിന് പിറകെ നിരവധിയിടങ്ങളിലാണ് നായ്ക്കളെ വഴിയിലുപേക്ഷിച്ച് ഉടമകൾ കടന്നുകളഞ്ഞ സംഭവങ്ങളുണ്ടായത്. ജനിച്ച്​ 40 ദിവസം കഴിയുമ്പോൾ ആയിരങ്ങൾ കൊടുത്തുവാങ്ങി ഭക്ഷണവും പ്രതിരോധ കുത്തിവെപ്പും എടുത്ത് വളർത്തുന്ന നായ്ക്കളെയാണ് മൃതപ്രായമാകുന്നതോടെ തുടൽ സഹിതം വഴിയിലുപേക്ഷിക്കുന്നത്. ഏതെങ്കിലും രീതിയിൽ അസുഖം പിടിപ്പെട്ടവ, പ്രായാധിക്യത്താൽ അവശരായവ എന്നിവയെയാണ് വഴിയിൽനിന്ന് കണ്ടെത്തുന്നത്. തിങ്കളാഴ്ച പട്ടത്താനത്ത് ജർമൻ ഷെപ്പേർഡ് ഇനത്തിൽപെട്ട നായെ തുടൽ സഹിതം വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭക്ഷണമെടുക്കാൻ പോലും സാധിക്കാതിരുന്ന നായെ നാട്ടുകാർ അറിയിച്ചതനുസരിച്ച് ഓഫിസർ ഹരികുമാറിൻെറ നേതൃത്വത്തിൽ ഫയർഫോഴ്സെത്തിയാണ് മൃഗാശുപത്രിയിലെത്തിച്ചത്. എല്ലും തോലുമായി എഴുന്നേറ്റുനിൽക്കാൻ പറ്റാതെ അവശനായ നിലയിലായിരുന്നു നായ്​. ഇതിന് ഡ്രിപ്​ ഇട്ട ശേഷം മൃഗാശുപത്രിയിലെ കാർ ഷെഡിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ചൊവ്വാഴ്ച പീപ്​ൾ ഫോർ ആനിമൽ എന്ന സംഘടന ഇതിനെ ഏറ്റെടുത്ത് അവരുടെ നായ് പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. തീരെ അവശരാകുന്ന നായ്ക്കളെ വീട്ടുടമസ്ഥർ പുറംതള്ളുന്നത് വർധിക്കുന്നതായി ചീഫ് വെറ്ററിനറി ഓഫിസർ അജിത് ബാബു പറഞ്ഞു. ലോക്ഡൗൺ മൂലം സമയത്ത് ചികിത്സക്ക് എത്തിക്കാൻ കഴിയാഞ്ഞതുകൊണ്ടാകാം ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തവിധം മോശം അവസ്ഥയിലാണ് ഇങ്ങനെ എത്തിക്കുന്നവയിൽ ഭൂരിഭാഗവും. നായ്ക്കളെ വഴിയിലുപേക്ഷിക്കുന്നവർക്കെതിരെ നിയമം ഉണ്ടെങ്കിലും അത് കാര്യക്ഷമമല്ലെന്നും ഡോക്ടർ വ്യക്തമാക്കി. ജില്ല വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർമാരായ അഖിൽ രാജ്, ആർച്ച എന്നിവരുടെ നേതൃത്വത്തിലാണ് നായ്ക്ക് വേണ്ട ചികിത്സ നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.