മന്ത്രിയുടെ ഗൃഹപ്രവേശനത്തിന് കാടിന്‍റെ മക്കൾ അതിഥികൾ

തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിന്‍റെ ഔദ്യോഗിക വസതി ലിന്തേർസ്​റ്റിൽ ഗൃഹപ്രവേശനത്തിന് വിതുര ഗോത്രവർഗ കോളനിയായ മണിതൂക്കിയിലെ ആദിവാസികൾ അതിഥികളായെത്തി. 'മക്കളുവളർത്തി'എന്ന കൈതച്ചക്കയുമായാണ്​ അവർ എത്തിയത്​. കൂന്താണി എന്നാണ് ഈ കൈതച്ചക്ക പ്രധാനമായും അറിയപ്പെടുന്നത്. ഒരു ചുവട്ടിൽ നിന്നുതന്നെ വലിയ ഒരു ചക്കയും അതിനെചുറ്റി നാലും അഞ്ചും ചെറുചക്കകളും ഉണ്ടാകുമെന്നതുകൊണ്ടാണ് ഈ പേരുവന്നത്​. ചീര, വരിക്കച്ചക്ക, കരിങ്കദളിപ്പഴം, ഈറ്റ വടികൾ എന്നിവയുമായാണ്​ പുതിയ ഔദ്യോഗിക വസതിയിൽ ആദ്യദിനം എത്തിയത്​. പ്രധാന കർഷകനായ പരപ്പി, മകൻ ഗംഗാധരൻ കാണി, മരുമകൾ അൻപുമോൾ, അൻപുമോളുടെ മാതാവ് മാത്തി, ചെറുമക്കളായ മഹർഷ് ജി.എ. കാണി, അഗസ്​ത്യൻ. ജി.എ. കാണി, മയൂഖ് ജി.എ. കാണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പരുത്തിപ്പള്ളി റേഞ്ചിലെ ആർ.ആർ.ടി സെക്​ഷൻ ഫോറസ്റ്റ് ഓഫിസറാണ് ഗംഗാധരൻ കാണി. തനത് കാർഷിക വിളകളെക്കുറിച്ച് വിശദമായ പഠനം നടത്താൻ കാർഷിക സർവകലാശാലയിലെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.