ആ​ഷി​ഫ്

പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽനിന്ന് 11.75 പവൻ മോഷ്ടിച്ച പ്രതി പിടിയിൽ

പാവറട്ടി: പട്ടാപ്പകൽ ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി പതിനൊന്നേമുക്കാൽ പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയിൽ. കാസർകോട് ഹോസ്ദുർഗ് ഗാർഡൻ വീട്ടിൽ ആഷിഫിനെയാണ് (24) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ഷാഡോ പൊലീസ് പിടികൂടിയത്.

ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ തൃശൂർ പാവറട്ടി പുളിഞ്ചേരിപ്പടി പുലിക്കോട്ടിൽ ജോമോന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി പ്രധാന റോഡിലെത്തി ബസ് മാർഗം തൃശൂരിലേക്ക് കടന്നു. അവിടെനിന്ന് ഷൊർണൂർ വഴി മംഗളൂരുവിലേക്ക് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മംഗളൂരു റെയിൽവേ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തുകയായിരുന്ന ഷാഡോ പൊലീസിന് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. ആർ.പി.എഫ് ഉദ്യോഗസ്ഥർ വിവരങ്ങൾ വാട്സ് ആപ് ഗ്രൂപ്പിൽ പങ്കുവെച്ചതറിഞ്ഞ് പാവറട്ടി പൊലീസ് അന്വേഷണമാരംഭിക്കുകയും ഉടമസ്ഥൻ മുഖേന വിവരങ്ങൾ കൈമാറി ആഭരണങ്ങൾ തിരിച്ചറിയുകയുമായിരുന്നു.

നാല് വള, ഒരു നെക്ലേസ്, ഒരു മാല, ബ്രേസ്‌ലെറ്റ്, അഞ്ച് മോതിരം, ഒരു ജോഡി കമ്മൽ എന്നിവയുൾപ്പെടെ 93.5 ഗ്രാം സ്വർണമാണ് ഇയാൾ മോഷ്ടിച്ചത്. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി പതിനൊന്നിലധികം മോഷണക്കേസുകളിൽ പ്രതിയാണ് ആഷിഫ്. വിവിധയിടങ്ങളിൽ സഞ്ചരിച്ച് ആളില്ലാത്ത വീടുകൾ കണ്ടെത്തി പകൽ മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടുമെന്ന് ഭയന്ന് പ്രതി സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. വഴിയിൽ പരിചയപ്പെടുന്നവരുടെ ഫോൺ വാങ്ങി ഇൻസ്റ്റഗ്രാം വഴിയാണ് ഭാര്യയുമായി ബന്ധപ്പെട്ടിരുന്നത്. പ്രതി കടുത്ത മയക്കുമരുന്നിന് അടിമയാണെന്നും പാവറട്ടി പൊലീസ് പറഞ്ഞു. പാവറട്ടി എസ്.എച്ച്.ഒ ആന്റണി ജോസഫ് നെറ്റോ, എസ്.ഐ ടി.സി. അനുരാജ്, എ.എസ്.ഐ കെ.എം. പ്രസാദ്, സി.പി.ഒമാരായ വിനോദ്, ഹരികൃഷ്ണൻ, പ്രഗീൻ, വിനീത് പ്രദീപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് മംഗളൂരുവിൽനിന്ന് പ്രതിയെ കൊണ്ടുവന്നത്. കുന്നംകുളം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Suspect arrested for stealing Rs 11.75 crore from an unoccupied house in broad daylight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.