തെരുവുനായ് ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

ഒല്ലൂര്‍: ഇന്ധനം വാങ്ങാന്‍ പെട്രോള്‍ പമ്പില്‍ എത്തിയ ആളെ തെരുവുനായ് ആക്രമിച്ച് കടിച്ചു. കൈയിലും കാലിലും കടിയേറ്റു. പടവരാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ റാഫിക്കാണ് (45) കടിയേറ്റത്. പൊലീസ് സ്റ്റേഷന്‍ റോഡിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് സംഭവം.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെ പമ്പില്‍ എത്തിയ ഇയാളെ സമീപത്തു നിന്ന് ഓടിയെത്തിയ തെരുവുനായ് കടിക്കുകയായിരുന്നു. ഇതോടെ പമ്പിലെ ജീവനക്കാര്‍ ബഹളംവെച്ച് നായെ ഓടിച്ചു. പരിക്കേറ്റയാളെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

ആമ്പല്ലൂർ: നെന്മണിക്കരയിൽ തെരുവുനായുടെ കടിയേറ്റ് വയോധികക്ക് പരിക്കേറ്റു. നെന്മണിക്കര ചീനപ്പിള്ളി പരേതനായ രാമന്റെ ഭാര്യ മാധവിക്കാണ് (75) പരിക്കേറ്റത്. കാലിന് പരിക്കേറ്റ മാധവിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കടയിൽ പോയി വരുമ്പോഴാണ് തെരുവുനായ് ആക്രമിച്ചത്.

ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടിയിൽ

ചാലക്കുടി: ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കാൻ അംഗീകാരം. പേവിഷബാധക്കുള്ള കുത്തിവെപ്പിന് പുറമെ അനുബന്ധ ചികിത്സയും ഉറപ്പുവരുത്തുന്നതായിരിക്കും ക്ലിനിക്.

പേവിഷ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ സൂക്ഷിക്കും. ചാലക്കുടിയിൽ തെരുവുനായ് ശല്യം പരിഹരിക്കാൻ തദ്ദേശസ്ഥാപനതല ജനകീയസമിതികൾ രൂപവത്കരിക്കാൻ തീരുമാനിച്ചതായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.

ചാലക്കുടി നിയോജകമണ്ഡലം തലത്തിൽ തെരുവുനായ് പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തീവ്ര വാക്സിനേഷൻ യജ്ഞം നടത്തുക, തെരുവുനായ്ക്കൾക്കും ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്കുമായുള്ള അഭയകേന്ദ്രങ്ങൾ സജ്ജമാക്കുക, ശുചിത്വ യജ്ഞം സംഘടിപ്പിക്കുക തുടങ്ങിയവയാണ് കമ്മിറ്റികളുടെ ലക്ഷ്യം.

നഗരസഭ ചെയർമാൻ എബി ജോർജ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.എസ്. സുനിത, അമ്പിളി സോമൻ, നോഡൽ ഓഫിസർ എം. ശബരീദാസൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ. ഷീജ, വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വാക്സിനേഷൻ തീവ്രയജ്ഞം ഇന്നുമുതൽ

തൃശൂർ: തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ വാക്‌സിനേഷൻ തീവ്രയജ്ഞം ജില്ലയിൽ ചൊവ്വാഴ്ച തുടങ്ങും. ഒക്ടോബർ 20 വരെ നീളുന്ന യജ്ഞം മൃഗസംരക്ഷണ വകുപ്പാണ് സംഘടിപ്പിക്കുന്നത്.

ജില്ലതല ഉദ്ഘാടനം മെഡിക്കൽ കോളജ് കാമ്പസിലെ ഇന്ദ്രനീലം ഹാളിൽ രാവിലെ 8.45ന് മന്ത്രി കെ. രാജൻ നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിക്കും.

ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ് പി.കെ. ഡേവിസ് മുഖ്യാതിഥിയാകും. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, കലക്ടർ ഹരിത വി. കുമാർ എന്നിവർ പങ്കെടുക്കും.

Tags:    
News Summary - Two injured in stray dog ​​attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.