എം.​കെ. മാ​ലി​ക്ക്

ഇവിടെയുണ്ട്, ഇടതുകോട്ടയിൽ പ്രഥമ ചെയർമാനായ മുസ്‍ലിം ലീഗ് നേതാവ്

കൊടുങ്ങല്ലൂർ: 88ലും ഇനിയുമൊരു അങ്കത്തിന് ബാല്യം ബാക്കിയുണ്ടെന്ന ഭാവമാണ് എം.കെ. മാലിക്ക് എന്ന മാലിക്ക് സാഹിബിന്. ശരിയാണ്, അദ്ദേഹത്തോട് ഇടപഴുകുന്നവർക്ക് അക്കാര്യത്തിൽ അതിശയോക്തി തോന്നില്ല. കൊടുങ്ങല്ലൂരിന്റെ പൊതു മണ്ഡലത്തിൽ മാലിക്ക് എന്ന മുസ്ലീം ലീഗ് നേതാവിനെ വ്യത്യസ്തനാക്കുന്നതിൽ ഒരു ഘടകവും ആ യുവത്വഭാവമായിരുന്നു.

മുട്ടിന് താഴെയുള്ള വേദന കാരണം കൊടുങ്ങല്ലൂർ നഗരസഭയിൽ പുല്ലൂറ്റ് നീലക്കംപാറയിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ് അദ്ദേഹം. കൊടുങ്ങല്ലൂരിൽ 30 വർഷത്തിലേറെ കൗൺസിലറായ നേതാവാണ് മാലിക്ക്. ലീഗ് രാഷ്ടീയത്തിനതീതമായ ബന്ധങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം.

കഴിഞ്ഞ തവണ 83ാം വയസിലെ എട്ടാം അങ്കം ഘടകകക്ഷി പോരിനെ തുടർന്ന് നടക്കാതെ പോയെങ്കിലും പിന്നിട്ട കാലത്തെ ജനപ്രാതിനിധ്യ ജീവിതത്തിൽ ഓർക്കാനേറെയുണ്ട് മനസിൽ. നഗരസഭ പിറവിയെടുത്തതിന് പിറകെ 1979ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പ് മുതൽ മാലിക്ക് സാഹിബ് ഗോദയിലുണ്ടായിരുന്നു. വാർഡുകൾ മാറിമാറി ജനവിധി തേടുന്നതിതിനിടയിൽ അഞ്ച് വിജയത്തോടൊപ്പം രണ്ട് തോൽവിയും രുചിച്ചു.

തുടർച്ചയായ വിജയത്തിനിടെ 2005ൽ അന്തരിച്ച പി.എ. ഗോപിയും 2015ൽ സി.കെ. രാമനാഥനുമാണ് എതിർപാർട്ടികളുടെ വോട്ടും പെട്ടിയിലാക്കുന്ന കൊടുങ്ങല്ലൂർ രാഷ്ടീയത്തിലെ ഈ ജാലവിദ്യക്കാരനെ പിടിച്ചുകെട്ടിയത്. പുതിയ നഗരസഭയുടെ ആദ്യ ഭരണസമിതിയിൽ പ്രഥമ നഗരപിതാവിന്റെ സ്ഥാനം ഒന്നര മാസം തന്നിൽ അർപ്പിതമായത് പൊതു ജീവിതത്തിലെ മറക്കാനാകാത്ത അനുഭവവും അംഗീകാരവുമാണെന്ന് അദ്ദേഹം ഓർക്കുന്നു. ആദ്യത്തെ നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട നാരായണൻ വൈദ്യർ സത്യപ്രതിജ്ഞ കഴിഞ്ഞ് ഓൾ ഇന്ത്യ ടൂറിന് പോയതോടെ ചെയർമാൻ സ്ഥാനം മാലിക്കിനെ ഏൽപ്പിക്കുകയായിരുന്നു.

ഇതിനുശേഷം 33 മാസം വൈസ് ചെയർമാനായിരുന്നു. പിന്നീട് സി.പി.ഐ, സി.പി.എം പാർട്ടികൾ കൂടി ഇടതുമുന്നണി രൂപംകൊണ്ടതോടെ മാലിക്കിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇതോടെ രാജിവെച്ചൊഴിഞ്ഞു. രണ്ടാം കൗൺസിലിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. പ്രതിപക്ഷ നിരയിലെ ശക്തനായിരിക്കെ ഭരണപക്ഷം അർഹിക്കുന്ന പരിഗണന നൽകിയിരുന്നു. വൈദ്യുതി വകുപ്പ് സ്റ്റാൻഡിങ് കമ്മിററി അധ്യക്ഷനായിരിക്കെയാണ് നഗരസഭ വീഥികളിൽ സോഡിയം വേപ്പർ ലാമ്പുകൾ സ്ഥാപിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു. കൊടുങ്ങല്ലൂർ ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചു.

കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണത്തിനെത്തിയ ജവഹർലാൽ നെഹ്‌റുവിനൊപ്പം ചങ്ങാടത്തിൽ കയറിയതും നെഹ്‌റുവിന്റെ കാത്തുനിൽപ്പ് പുല്ലൂറ്റ് പാലം നിർമാണത്തിന് വഴിവെച്ചതും അദ്ദേഹം ഓർത്തെടുത്തു. വാർഡിൽ വിസനകാര്യങ്ങളിൽ ശ്രദ്ധിച്ച് ജനങ്ങൾക്കൊപ്പം നിലകൊണ്ടതാണ് രാഷ്ടീയത്തിനതീതമായി ലഭിച്ച സ്വീകാര്യതയെന്നും മുസ്ലീം ലീഗ് ദേശീയസമിതി അംഗം, സംസ്ഥാന നിർവാഹക സമിതിയംഗം ജില്ല വൈസ് പ്രസിഡന്റ്, നിയോജക മണ്ഡലം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന മാലിക്ക് പറയുന്നു. 

Tags:    
News Summary - Muslim League leader who became the first chairman of the Left Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.