പത്തനംതിട്ട: ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പ്രസിഡന്റായ ഓമല്ലൂർ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബാങ്ക് പടിക്കൽ നിക്ഷേപകർ ധർണ നടത്തി.
ജോയന്റ് സെക്രട്ടറി കെ.ആർ. അശോകൻ അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ കൺവീനർ ചന്ദ്രശേഖരൻപിള്ള, കെ.ആർ. സജീവ്, രവീന്ദ്രവർമ അംബാനിലയം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി എന്നിവർ സംസാരിച്ചു.
അടിയന്തരഘട്ടങ്ങളിൽപോലും നിക്ഷേപം തിരികെ നൽകാൻ കഴിയുന്നില്ലെന്നും അതിരൂക്ഷമായ പ്രതിസന്ധി മറച്ചുവെക്കാനുള്ള ശ്രമമാണ് ഭരണസമിതിയും ജീവനക്കാരും നടത്തുന്നതെന്നും നിക്ഷേപകർ പറഞ്ഞു. നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനാൽ മക്കളുടെ വിവാഹം, വിദ്യാഭ്യാസം, രോഗികളുടെ തുടർ ചികിത്സ എന്നിവ മുടങ്ങി. വ്യാജ വായ്പ, ബിനാമി വായ്പ, അനധികൃത ഭൂമി വായ്പ, സ്വർണപ്പണയ വായ്പ, മുക്കുപണ്ടം പണയം എന്നിവയുടെ പണം തിരിമറി വ്യാപകമായി നടന്നിട്ടുണ്ട്. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള പല സ്ഥാപനങ്ങളും നിലവിൽ പ്രവർത്തിക്കുന്നില്ല. നഷ്ടം നികത്താനോ നിക്ഷേപത്തുക തിരികെ നൽകാനോ ഭരണസമിതി ശ്രമിക്കുന്നില്ലെന്നും നിക്ഷേപകർ പറഞ്ഞു.
ബാങ്കിന്റെ ആകെ നഷ്ടം 40 കോടി കടന്നതായാണ് 2021-2022ലെ ഓഡിറ്റ് റിപ്പോര്‍ട്ട്. 2022-23ലെ ഓഡിറ്റ് റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം നിലവിലുള്ളതിനേക്കാൾ കൂടും. 2007-2008 മുതൽ നഷ്ടത്തിലാണ് പ്രവർത്തനം.
ഞായറാഴ്ച നടക്കുന്ന നവകേരള സദസ്സിൽ സഹകരണ മന്ത്രിക്ക് പരാതി നൽകുമെന്നും പരിഹാരം കാണാത്തപക്ഷം അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.