പത്തനംതിട്ട നഗരസഭ സെക്രട്ടറിക്ക്​ അറസ്റ്റ് വാറന്‍റ്​; ബഹളത്തിൽ മുങ്ങി കൗൺസിൽ

അഭിഭാഷകൻ യഥാസമയം കോടതിയിൽ ഹാജരായിട്ടില്ലെന്ന്​ സെക്രട്ടറി എസ്.​ ഷെർള ബീഗം പത്തനംതിട്ട: കോടതിയലക്ഷ്യ കേസിൽ പത്തനംതിട്ട നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാനുള്ള ​​ഹൈകോടതി ഉത്തരവ് ചർച്ച ചെയ്യാൻ കൂടിയ അടിയന്തര കൗൺസിൽ യോഗത്തിൽ യു.ഡി.എഫിന്റെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. നഗരസഭ സെക്രട്ടറി എസ്. ഷെർള ബീഗം കേസിനാസ്പദമായ കാര്യങ്ങൾ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചു. അഭിഭാഷകൻ യഥാസമയം ഹാജരാകാത്തതാണ്​ ഇതിന് ​ഇടയാക്കിയതെന്ന്​ സെക്രട്ടറി പറഞ്ഞു. എന്നാൽ, ഭരണസമിതിക്കുണ്ടായത്​ വലിയ വീഴ്ചയാണെന്നും ഭരണ സമിതിയുടെ കെടുകാര്യസ്ഥതയുടെ അവസാനത്തെ ഉദാഹരണമാണെന്നും ചർച്ചകൾക്ക് തുടക്കംകുറിച്ച നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി പറഞ്ഞു. ചെയർമാനും ഭരണസമിതി അംഗങ്ങൾക്കും ഈ വിഷയം അറിവുണ്ടായിരുന്നോ എന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊന്നും ഭരണസമിതി അറിയേണ്ട കാര്യമല്ലെന്നും സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും അറിയേണ്ടതാണെന്നും ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ മറുപടി പറഞ്ഞു. ചെയർമാന്റെ മറുപടി പദവിക്ക് യോജിച്ചതല്ലെന്നും വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പറഞ്ഞ് യു.ഡി.എഫ് അംഗങ്ങൾ ബഹളംവെച്ചു. നഗരത്തിൽ നിലംനികത്തലും അനധികൃത കെട്ടിട നിർമാണവും വ്യാപകമായതായി അഡ്വ. എ. സുരേഷ്​കുമാർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവംകൊണ്ടാണ്​ സെക്രട്ടറിക്ക്​ കോടതി കയറേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ചെയർമാന്​ ഇതിൽ ഒരു ഉത്തരവാദിത്തവുമില്ലെന്ന് ഭരണകക്ഷിയിലെ കെ.ആർ. അജിത് കുമാർ, ആർ. സാബു, വി.ആർ. ജോൺസൺ എന്നിവർ പറഞ്ഞു. വീണ്ടും ചെയർമാൻ വിശദീകരണവുമായി വന്നപ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടോയെന്ന യു.ഡി.എഫിന്റെ ചോദ്യത്തിന്, ഇല്ലെന്ന മറുപടിയാണ് നൽകിയത്. തുടർന്ന് യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ് അംഗങ്ങൾ ഹാളിന് പുറത്തുപോയി ചെയർമാന്റെ ചേംബറിന് മുന്നിൽ പ്രതിഷേധിച്ചു. പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി, അഡ്വ. എ. സുരേഷ് കുമാർ, റോസ്​ലിൻ സന്തോഷ്, എം.സി. ഷെരീഫ്, സിന്ധു അനിൽ, സി.കെ. അർജുനൻ, ആനി സജി, മേഴ്സി വർഗീസ്, അംബിക വേണു, അഖിൽ അഴൂർ, ആൻസി തോമസ്, ഷീന രാജേഷ് എന്നിവർ സമരത്തിൽ പങ്കെടുത്തു. റിങ്​ റോഡിൽ കല്ലറക്കടവിലേക്ക്​ തിരിയുന്ന ഭാഗത്തെ കെട്ടിടനിർമാണത്തിന്​ അനുമതി നൽകുന്നതുമായി​ ബന്ധപ്പെട്ട ഉത്തരവ്​​ പാലി​ച്ചില്ലെന്ന്​ ആരോപിച്ച്​ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹരജിയിലാണ്​ കഴിഞ്ഞ വെള്ളിയാഴ്ച സെക്രട്ടറിക്കെതിരെ ഹൈകോടതി അറസ്റ്റ് വാറന്‍റ്​ പുറപ്പെടുവിച്ചത്. കോടതിയലക്ഷ്യ ഹരജിയിൽ മാർച്ച്​ 14ന്​ സെ​ക്രട്ടറിയോട്​ നേരിട്ട്​​ ഹാജരാകണമെന്ന്​ കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഉത്തരവ്​ നടപ്പാക്കിയാൽ ഇതിന്‍റെ ആവശ്യം ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉത്തരവ്​ നടപ്പാക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്യാത്തതിനാൽ മാർച്ച്​ 28ന്​ അറസ്റ്റ്​ ചെയ്ത്​ ഹാജരാക്കാനാണ്​ കോടതി ഉത്തരവിട്ടത്​. ജില്ല പൊലീസ്​ മേധാവിക്കും ഇക്കാര്യത്തിൽ നിർദേശം നൽകിയിരുന്നു. അറസ്റ്റ്​ ചെയ്തശേഷം കോടതിയിൽ ഹാജരാകാമെന്ന്​ ഉറപ്പുനൽകിയാൽ ജാമ്യം അനുവദിക്കാമെന്നും വ്യക്തമാക്കിയിരുന്നു. എട്ടുമാസം കഴിഞ്ഞിട്ടും ഉത്തരവ്​ നടപ്പാക്കിയിട്ടില്ലെന്ന്​ കോടതി വിലയിരുത്തി. കോന്നി അട്ടച്ചാക്കൽ സ്വ​ദേശിനി സുമാദേവി, അസറ്റ്​ ഹോം എം.ഡി വി. സുനിൽകുമാർ എന്നിവരാണ്​ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തത്​. ഭരണസമിതിയുടെ ഭാഗമായ എസ്.​ഡി.പി.ഐയുടെ കൗൺസിൽ അംഗങ്ങളായ എസ്.​ ഷെമീർ, ജൈലജ, എസ്​. ഷീല എന്നിവരും നഗരസഭ കൗൺസിൽ യോഗം ബഹിഷ്​കരിച്ചു. ................................................................................................................................................. ഭരണസമിതി രാജിവെക്കണം -എസ്.ഡി.പി.ഐ പത്തനംതിട്ട: കോടതിയലക്ഷ്യത്തിന് നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത്​ ഹാജരാക്കണമെന്ന ഹൈകോടതി വിധി നഗരസഭയുടെ പ്രതിച്ഛായക്ക്​ കളങ്കംവരുത്തിയെന്ന് എസ്.ഡി.പി.ഐ പത്തനംതിട്ട മുനിസിപ്പൽ പ്രസിഡന്റ് നിയാസ് കൊന്നമൂട് പറഞ്ഞു. നിരവധി തവണ ഹാജരാകാൻ ഹൈകോടതിയിൽനിന്ന്​ നോട്ടീസ് അയച്ചിട്ടും നഗരസഭയിൽനിന്ന്​ അഭിഭാഷകൻ ഹാജരാകാത്തതിൽ ദുരൂഹതയുണ്ട്. ഇത് ഭരണസമിതിയുടെ ഗുരുതര വീഴ്ചയാണെന്നും ഭരണസമിതി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസറ്റ് ഹോമുമായി ബന്ധപ്പെട്ട വിവാദത്തിൽ അനധികൃത നിർമാണമാണെന്നും അതിൽ അഴിമതിയുണ്ടെന്നും നിർമാണ പ്രവർത്തനം തുടങ്ങിയ സമയത്തുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. നിർമാണ പ്രവർത്തനത്തിന് ആദ്യഘട്ട അനുമതി നൽകിയത് കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ്. തോട് സംരക്ഷണ നിയമം കാറ്റിൽ പറത്തി തീർത്തും അനധികൃതമായി പണിത അസറ്റ് ഹോം നിർമാണ പ്രവർത്തനത്തിന് അനുമതി നൽകിയതിൽ വമ്പൻ അഴിമതിയാണ് നടന്നത്. അസറ്റ് ഹോമിന്​ അനുമതി നൽകിയ നടപടിക്രമത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.