കനത്ത മഴ: പന്തളത്ത്​ ആറ്​ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

പന്തളം: കനത്ത മഴയെത്തുടർന്ന് പന്തളം നഗരസഭയിലെ പടിഞ്ഞാറൻ മേഖലകളിലെ ആറു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അച്ചൻകോവിലാർ കരകവിഞ്ഞ് വെള്ളം തോടുകൾ വഴി കരിങ്ങാലിപ്പാടത്തേക്ക് ഒഴുകിത്തുടങ്ങിയതോടെ പാടത്തി​ൻെറ തീരത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ മുടിയൂർക്കോണം എം.ഡി.എൽ.പി സ്‌കൂളിലാരംഭിച്ച താൽക്കാലിക ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. കൂടുതലാളുകളെ മാറ്റാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള നടപടി റവന്യൂ വകുപ്പ് ആരംഭിച്ചു. നഗരസഭ കൗൺസിലർ സൗമ്യ സന്തോഷ്, അടൂർ തഹസിൽദാർ ജോൺസാം, ഡെപ്യൂട്ടി സഹസിൽദാർ ജിനേഷ്, പന്തളം വില്ലേജ്​ ഓഫിസർ എസ്. ഹരികുമാർ എന്നിവർ പ്രളയബാധിത മേഖലകൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ അച്ചൻകോവിലാറ്റിൽ ഏഴടിയോളം വെള്ളമാണ് ഉയർന്നത്. ആറ്റുതീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറിത്തുടങ്ങി. കരിങ്ങാലിപ്പാടത്തി‍ൻെറ തീരത്താണ് വെള്ളം അതിവേഗം ഉയർന്നുകൊണ്ടിരിക്കുന്നത്. അച്ചൻകോവിലാറുമായി പാടത്തെയും ചാലിനെയും ബന്ധിപ്പിക്കുന്ന കരിങ്ങാലി വലിയതോട് വഴി അച്ചൻകോവിലാറ്റിലെ വെള്ളം ഒഴുകി പാടം നിറഞ്ഞുകഴിഞ്ഞു. തീരത്തുള്ള വീടുകളിലേക്കാണ് വെള്ളം കയറിക്കൊണ്ടിരിക്കുന്നത്. ഈ ഭാഗത്ത് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്താൽ ചുറ്റപ്പെട്ടു. നാദനടി ഭവനിൽ രാധാമണി, ബിജി വില്ലയിൽ വി.ടി. ബാബു, നാദനടി കളത്തിൽ ഓമന, ലൈലാ ബീവി, റോജ സലിം, രാജേശ്വരി എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. പറന്തൽ ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വലിയതോട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. കുരമ്പാല ഭാഗത്തുള്ള വീടുകളിൽ വെള്ളം കയറാനും കൃഷിടങ്ങൾ വെള്ളത്തിലാകാനും ഇത് കാരണമാകും. കുളനട പാണിൽ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. മലമുകളിലെ വീടുകൾക്ക് മണ്ണിടിച്ചിൽ ഭീഷണിയാണ്. ഇവിടുത്തെ റോഡുകൾ പല ഭാഗവും മണ്ണ് നീക്കി അപകടവസ്ഥയിലാണ്. ഫോട്ടോ: കുളനട - പാണിൽ റോഡ് മണ്ണിടിച്ചൽ ഉണ്ടായപ്പോൾ 2 മൂടിയൂർക്കോണം എം.ഡി.എൽ.പി.എസ് സ്​കൂളിൽ ക്യാമ്പ് ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.