ഗവ. മെഡിക്കല്‍ കോളജ്: കിഫ്ബി, ഐ.എഫ്.സി സംഘം സന്ദര്‍ശിച്ചു

കോന്നി: ഗവ. മെഡിക്കല്‍ കോളജില്‍ കിഫ്ബി, ഐ.എഫ്.സി ഉന്നതതല സംഘം സന്ദര്‍ശനം നടത്തി. നിലവിലുള്ള മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനും കിഫ്ബി ഫണ്ടില്‍നിന്ന്​ അനുവദിച്ചിട്ടുള്ള പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനു മുന്നോടിയായി ചര്‍ച്ചനടത്തുന്നതിനുമായാണ് സംഘം എത്തിയത്. തിരുവനന്തപുരത്ത് നിയമസഭ സമ്മേളന സ്ഥലത്തായതിനാല്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുമായി സംഘം ഓണ്‍ലൈനില്‍ ചര്‍ച്ചയും നടത്തി. നിലവിലുള്ള ആശുപത്രി കെട്ടിടം നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. ഈ കെട്ടിടത്തില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് കിഫ്ബിയില്‍നിന്ന്​ നൂറുകോടി രൂപ ഉപകരണങ്ങള്‍ക്കായി അനുവദിക്കണമെന്ന് എം.എല്‍.എ കിഫ്ബിയോട് അഭ്യര്‍ഥിച്ചിരുന്നു. അന്താരാഷ്​ട്ര ധനകാര്യ കോര്‍പറേഷന്‍ (ഐ.ഫ്.സി) സംഘം ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി ചില മുറികളുടെ ഘടനയില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടു. വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശം എഴുതിനല്‍കുമെന്നും സംഘം പറഞ്ഞു. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ പ്ലാന്‍ പരിശോധിച്ചസംഘം തൃപ്തിരേഖപ്പെടുത്തി. കിഫ്ബി പരിസ്ഥിതി വിഭാഗം ജനറല്‍ മാനേജര്‍ എസ്. അജിത്, ടെക്നിക്കല്‍ അസി. സി.വി. മന്‍മോഹന്‍, അന്താരാഷ്​ട്ര ധനകാര്യ കോര്‍പറേഷന്‍ കണ്‍സള്‍ട്ടുമാരായ ഡോ. സച്ചിന്‍ വാഗ്, മിത്തില്‍ സാമന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചത്. പ്രിന്‍സിപ്പല്‍ ഡോ.സി.എസ്. വിക്രമന്‍, സൂപ്രണ്ട് ഡോ. സജിത്കുമാര്‍, എച്ച്.എല്‍.എല്‍ ഹൈറ്റ്സ് ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍. രതീഷ്കുമാര്‍, വിവിധ വിഭാഗങ്ങളുടെ തലവന്മാരായ എസ്.എസ്. അശ്വനി, അനിത് കുമാര്‍, രോഹിത് ജോസഫ് തോമസ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.