കോലിഞ്ചി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപവത്​കരിച്ചു

കോന്നി: ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചി കൃഷിക്ക് യഥാര്‍ഥവില ലഭിക്കാൻ കൃഷിക്കാരുടെ കണ്‍സോര്‍ഷ്യം രൂപവത്​കരിച്ചു. ഔഷധഗുണമുള്ള കോലിഞ്ചി കര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്‌നം വിലസ്ഥിരതയില്ലെന്നതാണ്​. വിളവെടുപ്പ് സമയങ്ങളില്‍ പരമാവധി 60രൂപ വരെയാണ്​ കര്‍ഷകര്‍ക്ക് കിലോക്ക്​ ലഭിക്കുക. 300 രൂപ ലഭിക്കേണ്ടിടത്താണിത്​. പ്രധാന വിളയായും ഇടവിളയായും മലയോരമേഖലയില്‍ നടത്തുന്ന കോലിഞ്ചി കൃഷി ഈ മേഖലയിലെ പ്രധാന വരുമാന സ്രോതസ്സാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളിലാണ് കോലിഞ്ചി കൃഷി വ്യാപകമായിട്ടുള്ളത്​. ഇവിടെ സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേക്ക്​ കയറ്റി അയക്കുകയാണ്. വിദേശരാജ്യങ്ങളില്‍ മരുന്ന് നിര്‍മാണത്തിനാണ് കോലിഞ്ചി വ്യാപകമായി ഉപയോഗിക്കുന്നത്. തണുപ്പുള്ള രാജ്യങ്ങളില്‍ ദാഹശമനിയായും ഇന്ത്യയിലും ആയുര്‍വേദ, സിദ്ധ മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്. നാഷണല്‍ മെഡിസിനല്‍ പ്ലാൻറ്​ ബോര്‍ഡി​ൻെറ ഔഷധസസ്യ ഗണത്തില്‍ ഉള്‍പ്പെടുത്തി കോലിഞ്ചി കൃഷിക്കു സബ്‌സിഡി നല്‍കാനും മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഒരു ഹെക്ടര്‍ കോലിഞ്ചി കൃഷിക്ക് 21,644 രൂപ വീതം സബ്‌സിഡിയായി ലഭിക്കും. കൃഷിപരിപാലന ചെലവ് കുറവുള്ള കോലിഞ്ചി കൃഷി മൂന്നാംവര്‍ഷമാണ് വിളവെടുക്കുന്നത്​. കമ്പോള വിലവിവര പട്ടികയില്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ ഇടനിലക്കാര്‍ നടത്തുന്ന ചൂഷണവും വന്യമൃഗശല്യവുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്​. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്​ ​വിളവെടുപ്പ്. ഈ സമയങ്ങളില്‍ കോലിഞ്ചിക്ക് ഇടനിലക്കാര്‍ ന്യായവില നല്‍കാറില്ല. വന്യമൃഗ ശല്യങ്ങള്‍ക്ക്​ പുറമെ ഫംഗസ് ബാധയും കൃഷിനാശത്തിനു കാരണമാകാറുണ്ട്. വിളവെടുപ്പിന്​ മുമ്പ്​ നാശനഷ്​ടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. നാഷനല്‍ മെഡിസിനല്‍ പ്ലാൻറ്​ ബോര്‍ഡില്‍നിന്നുള്ള സബ്‌സിഡി ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കണ്‍സോര്‍ഷ്യത്തിലും കൃഷിഭവനിലും നാഷനല്‍ മെഡിസിനല്‍ പ്ലാൻറ്​ ബോര്‍ഡിലും ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീല്‍ഡ് തല പരിശോധന നടത്തിയാണ് സബ്‌സിഡി അനുവദിക്കുന്നത്. ഔഷധി കോലിഞ്ചി ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്​. ഇതിനായി ഔഷധി അധികൃതരുമായി എം.എല്‍.എയും കണ്‍സോര്‍ഷ്യം ഭാരവാഹികളും ചര്‍ച്ച നടത്തും. ഔഷധി നേരിട്ട് സംഭരണം നടത്തുന്നതോടെ ഇടത്തട്ട് തട്ടിപ്പുകള്‍ ഒഴിവാകും. ജില്ല കൃഷി ഓഫിസറുടെ അധ്യക്ഷതയില്‍ നടന്ന കണ്‍സോര്‍ഷ്യം രൂപവത്​കരണ യോഗം കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്‍സോര്‍ഷ്യം ഭാരവാഹികളായി എസ്. ഹരിദാസ് (പ്രസി), കെ.ജി. മുരളീധരന്‍ (സെക്ര), സി.ജി. മധുസൂദനന്‍ (ട്രഷ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.