ഗവ. മെഡിക്കൽ കോളജിലെ ശുദ്ധജല വിതരണ പദ്ധതി ഒരാഴ്ചക്കകം പൂർത്തിയാകും -എം.എൽ.എ

കോന്നി: ഗവ. മെഡിക്കൽ കോളജിലെ ശുദ്ധജല വിതരണ പദ്ധതി നിർമാണം ഒരാഴ്ചക്കകം പൂർത്തിയാകുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ജല അതോറിറ്റിയുടെ ശുദ്ധീകരണശാലയിൽ എം.എൽ.എ സന്ദർശനം നടത്തി. മെഡിക്കൽ കോളജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ശുദ്ധീകരണശാല സ്ഥാപിച്ചിരിക്കുന്നത്. നബാർഡിൽനിന്ന്​ ലഭ്യമായ 1398 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നിർമാണം പൂർത്തീകരിക്കുന്നത്. ഐരവൺ മട്ടത്തുകടവിൽ നിർമിച്ച ആറുമീറ്റർ വ്യാസമുള്ള കിണറിൽനിന്നാണ് പദ്ധതിക്കാവശ്യമായ ജലം ശേഖരിക്കുന്നത്. ഇവിടെ നിർമിച്ചിട്ടുള്ള പമ്പ് ഹൗസിൽ 150 എച്ച്.പിയുടെ പമ്പ് സെറ്റാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്നും പമ്പ് ചെയ്യുന്ന ജലം 300 എം.എം ഡി.ഐ പൈപ്പ് വഴി മെഡിക്കൽ കോളജിൽ സ്ഥാപിച്ചിട്ടുള്ള അഞ്ചു ദശലക്ഷം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിക്കും. പമ്പ് ഹൗസിൽ നിന്നും 4.52 കിലോമീറ്റർ ദൂരമാണ് ശുദ്ധീകരണ ശാലയിലേക്കുള്ളത്. ശുദ്ധീകരണ പ്രക്രിയ പൂർത്തീകരിക്കുന്ന ജലം ഏഴുലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയിൽ ശേഖരിക്കും. അവിടെനിന്ന്​ 15 എച്ച്.പി മോട്ടർ ഉപയോഗിച്ച് മുകളിലുള്ള 10 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലേക്ക് ജലം എത്തിക്കും. ഈ ജലസംഭരണിയിൽ നിന്നുമാണ് 350 മീറ്റർ ദൂരത്തിലുള്ള മെഡിക്കൽ കോളജി​ൻെറ ഉപരിതല ജലസംഭരണിയിലേക്ക് ജലം എത്തിക്കുന്നത്. 500 ബെഡുള്ള ആശുപത്രിക്കും 500 വിദ്യാർഥികൾക്കും സ്​റ്റാഫിനും ഹോസ്​റ്റൽ ആവശ്യത്തിനുമുള്ള ജലം ഈ പദ്ധതിയിൽ നിന്നും ലഭ്യമാകും. മെഡിക്കൽ കോളജ് ശുദ്ധജല പദ്ധതിയിൽനിന്ന്​ അരുവാപ്പുലം പഞ്ചായത്തിലെ ഒന്ന്​, രണ്ട്​, 14, 15 വാർഡുകളിലും ജലവിതരണം നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. നാലു വാർഡുകളിലെ 5000 കടുംബങ്ങൾക്കാണ് ജലം നൽകുന്നത്. ഇതിനായുള്ള വിതരണ പൈപ്പ് ലൈൻ രണ്ടാംഘട്ടമായി സ്ഥാപിക്കും. എം.എൽ.എയോടൊപ്പം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. സജിത്കുമാർ, വാട്ടർ അതോറിറ്റി അസി. എൻജിനീയർ ശ്രീലേഖ, നാഗാർജുന കൺസ്ട്രക്​ഷൻ കമ്പനി ​േപ്രാജക്ട് മാനേജർ അജയകുമാർ തുടങ്ങിയവരുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.