കാലവര്‍ഷം: താലൂക്ക​ുകളിൽ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് കണക്കിലെടുത്ത് താലൂക്കുകളിൽ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കി. ആര്‍.ഡി.ഒ, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജില്ലയിലെ നദികളിലെ ജലനിരപ്പ് ഉയരുന്ന സ്ഥലങ്ങളിലെയും ഉരുൾപൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെയും ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ഈ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന്​ കലക്ടര്‍ നിര്‍ദേശിച്ചു. കാലാവസ്ഥ സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്ഥരുമായി വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണസജ്ജമാക്കി നിര്‍ത്തും. ഡാമുകളിലെ ജലനിരപ്പ് കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ഷട്ടര്‍ തുറക്കും. പമ്പ ഡാമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 ശതമാനം ജലനിരപ്പ് ഉയര്‍ന്നു. കക്കിയിലും സമാനമായി ജലനിരപ്പ് ഉയര്‍ന്നു. ആറു ദിവസത്തോളം ശക്തമായ മഴ തുടര്‍ന്നാല്‍ എല്ലാ ഡാമുകളുടെയും ഷട്ടര്‍ തുറക്കേണ്ടി വരും. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​ൻെറ മുന്നറിയിപ്പ് പ്രകാരം ന്യൂനമര്‍ദത്തെ തുടര്‍ന്ന് പശ്ചിമഘട്ട മലനിരകളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നാണ് പമ്പ, അച്ചന്‍കോവില്‍, മണിമല നദികളുടെ കൈവഴികളായ നീര്‍ചാലുകള്‍ എത്തുന്നത്. കോന്നി, റാന്നി താലൂക്കുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യത മുന്നില്‍കണ്ട് ആവശ്യമെങ്കില്‍ പുനരധിവാസത്തിന്​ ഒരുക്കം നടത്തും. ജില്ല ദുരന്ത നിവാരണ അതോറിറ്റി നിലവിലെ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച വിഡിയോയും ഉദ്യോഗസ്ഥര്‍ക്കായി പ്രദര്‍ശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.