ഡി.ഐ.ജിയുടെ പിടിവാശി: കെ.എ.പി മൂന്നാം ബറ്റാലിയനില്‍ പരിശീലനം പുനരാരംഭിച്ചു

രണ്ട് സേനാംഗങ്ങള്‍ ക്വാറൻറീനില്‍; രണ്ടുപേര്‍ ചികിത്സയില്‍ അടൂര്‍: സംസ്ഥാനത്തുടനീളം കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് കെ.എ.പി മൂന്നാം ബറ്റാലിയനില്‍ തിരിച്ചെത്തിയ റിക്രൂട്ട് സേനാംഗങ്ങള്‍ക്ക് കോവിഡ് പരിശോധന നിഷേധിച്ച് പരിശീലനം പുനരാരംഭിച്ചു. 40 പരിശീലകരും ഓഫിസര്‍മാരും ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. കോവിഡ് പരിശോധനയില്ലാതെ പരിശീലനം പുനരാരംഭിക്കാന്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി. പ്രകാശ് ഉത്തരവിട്ടതിനെക്കുറിച്ച് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് റിക്രൂട്ട് സേനയിലെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേരെ മാത്രം പരിശോധനക്കു വിധേയമാക്കി ക്യാമ്പില്‍ നിരീക്ഷണത്തില്‍ താമസിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് ചൊവ്വാഴ്ച പരിശീലനം ആരംഭിക്കുകയുമായിരുന്നു. ജൂലൈ 15ന് അടൂര്‍ പരുത്തപ്പാറയിലെ ക്യാമ്പ് ആസ്ഥാനത്ത് തിരിച്ചെത്തിയ റിക്രൂട്ട് സേനാംഗങ്ങള്‍ക്ക് 16, 17 തീയതികളില്‍ കോവിഡ് ആൻറിജന്‍ പരിശോധന നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് ബറ്റാലിയന്‍ കമാൻഡൻറ് ജെ. ജയനാഥ് ഡി.എം.ഒക്ക് കത്ത് നല്‍കിയെങ്കിലും പരിശോധന നടത്താതെ 14 ദിവസം ക്യാമ്പില്‍ ബാരക്ക് ക്വാറൻറീനില്‍ താമസിപ്പിക്കാന്‍ നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം ഡി.ഐ.ജിയോട് ക്യാമ്പ് കമാൻഡൻറ് ജയദേവ് അനുമതി തേടിയെങ്കിലും പരിശീലനം പുനരാരംഭിക്കാന്‍ നിർദേശിക്കുകയായിരുന്നു. 617 ഓഫിസര്‍മാരും 40 പരിശീലകരും 233 റിക്രൂട്ട് സേനാംഗങ്ങളും ഉള്‍പ്പെടെ 1100ഒാളം പേരാണ് ക്യാമ്പിലുള്ളത്​. ഇതില്‍ 500ഓളം പൊലീസുകാര്‍ വിവിധ പൊലീസ് സ്​റ്റേഷന്‍ അതിര്‍ത്തികളില്‍ കോവിഡ് ഡ്യൂട്ടിയിലാണ്. ഇപ്പോള്‍ ക്യാമ്പില്‍ 500ല്‍ താഴെ സേനാംഗങ്ങളേയുള്ളൂ. ഇതിനിടെ അടൂര്‍ ക്യാമ്പിലെ രണ്ടു പൊലീസുകാര്‍ക്ക് ആര്യങ്കാവില്‍ ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.