ആശുപത്രി ജീവനക്കാർക്ക് കോവിഡ്: ആശങ്കയോടെ തിരുവല്ല

തിരുവല്ല: സ്വകാര്യ മെഡിക്കൽ കോളജ് അടക്കം താലൂക്കിലെ രണ്ട് ആശുപത്രിയിലെ ജീവനക്കാരായ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവല്ല വീണ്ടും ആശങ്കയുടെ മുൾമുനയിൽ. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കന്യാസ്ത്രീകളായ മൂന്ന് ജീവനക്കാർക്കും പരുമല സൻെറ് ഗ്രിഗോറിയോസ് ആശുപത്രിയിലെ ഒരു ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മറ്റ് ജീവനക്കാർക്കിടയിലും ആശങ്ക വർധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കന്യാസ്ത്രീകൾ താമസിക്കുന്ന തുകലശ്ശേരി ഹോളി സ്പിരിറ്റ് കോൺവൻെറ് അടച്ചു. 35 കന്യാസ്ത്രീകളും അഞ്ചു ജോലിക്കാരും ഉൾപ്പെടെ നാൽപതോളം പേരാണ് ഈ മഠത്തിൽ താമസിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന പുഷ്പഗിരി മെഡിക്കൽ കോളജിലെ ഹെഡ് നഴ്സായ യുവതിക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രി ജീവനക്കാരായ രണ്ടു കന്യാസ്ത്രീകൾക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇവരിലൊരാൾ സൈക്യാട്രി വാർഡിലെ കൗൺസലറും മറ്റെയാൾ കമ്യൂണിറ്റി സർവിസിലും ജോലി ചെയ്യുന്നവരാണ്. ഈ മൂന്ന് ജീവനക്കാരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ​െസെക്യാട്രി, പെയിൻ ആൻഡ്​​ പാലിയേറ്റിവ് വിഭാഗത്തിലെ ഡോക്ടർമാർ ഉൾ​െപ്പടെയുള്ള 52 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഈ വാർഡുകൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയിലെ കാൻറീനുകളുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സമ്പർക്ക പട്ടികയിൽ നിലവിൽ ഉൾപ്പെട്ടതിനെക്കാൾ ഏറെ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ആശുപത്രി ഉൾപ്പെടുന്ന നഗരസഭയിലെ 14ാം വാർഡും സമീപങ്ങളായ 19, 20 വാർഡുകളും കണ്ടെയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പരുമലയിലെ സൻെറ് ഗ്രിഗോറിയോസ് ആശുപത്രി കാൻറീൻ സ്​റ്റോർ കീപ്പറായ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ജീവനക്കാരനെ റാന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയാറാക്കി വരുകയാണ്. രോഗം സ്ഥിരീകരിച്ച ജീവനക്കാരനായ യുവാവ് ആശുപത്രി കാൻറീനിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്ന ആളാണെന്നും പനി ബാധയുണ്ടായിട്ടും കാൻറീനില്‍ ജോലി ചെയ്തതായി ലഭിച്ച വിവരത്തെത്തുടർന്ന് ആരോഗ്യവിഭാഗം കൂടുതല്‍ അന്വേഷണം നടത്തുകയാണ്. കൂടുതല്‍ പേര്‍ ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുമോ എന്ന് സംശയവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. തിരുവല്ല രാമപുരം മാർക്കറ്റിലേക്ക് പച്ചക്കറിയുമായി എത്തിയ കമ്പം സ്വദേശിയായ ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച നഗരസഭയിലെ 22, 33 വാർഡുകൾ കണ്ടെയ്ൻമൻെറ് സോണിൽനിന്ന്​ ഒഴിവാക്കി. രാമപുരം മാർക്കറ്റ്​ ബുധനാഴ്​ച മുതൽ പ്രവർത്തിക്കും. ഇവിടെ നിന്ന്​ ശേഖരിച്ച 24 പേരുടെ സ്രവപരിശോധന ഫലങ്ങൾ എല്ലാം നെഗറ്റിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.