എൽ.ഡി.എഫിൽ കൂടുതൽ ചർച്ചകൾ വേണം -എ.പി. ജയൻ

ptlth7 പത്തനംതിട്ട: എൽ.ഡി.എഫിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് സി.പി.​ഐ ജില്ല സെക്രട്ടറിയായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട എ.പി. ജയൻ. പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ പരിഹരിക്കപ്പെടേണ്ട അടിസ്ഥാന വിഷയങ്ങൾ ഏറെയുണ്ട്. പട്ടയം പ്രശ്നം തന്നെ പ്രധാനം. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താൻ സി.പി.ഐ എല്ലാ സഹായവും ചെയ്യും. സി.പി.എമ്മുമായുള്ളത് ചെറിയ പ്രശ്നങ്ങൾ മാത്രമാണ്. എൽ.ഡി.എഫിന് ഒരു പോറൽപോലും ഏൽക്കാൻ സി.പി.ഐ അനുവദിക്കില്ല. സി.പി.ഐ മുൻകൈയെടുത്താണ് സംസ്ഥാനത്ത് എൽ.ഡി.എഫ് സംവിധാനമുണ്ടായത്. പാർട്ടിയെ ഇരട്ടി വേഗത്തിൽ മുന്നോട്ടുനയിക്കും. രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നു ഇത്തവണത്തെ ജില്ല സമ്മേളനം. താഴേത്തട്ടിലെ പ്രവർത്തകരെ മുതൽ തനിക്കറിയാം. പാർട്ടി കുടുംബങ്ങളുമായും നേരിട്ട് ബന്ധമുണ്ട്. അതുകൊണ്ടൊക്കെയാകാം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ പാർട്ടി സമ്മേളനത്തിൽ തഴഞ്ഞിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി എ.പി. ജയൻ പറഞ്ഞു. അവർ പ്രവർത്തിക്കുന്ന ബ്രാഞ്ചിൽനിന്നാണ് സമ്മേളനങ്ങളിലേക്കു പ്രതിനിധിയായി തെരഞ്ഞെടുക്കേണ്ടത്. ജില്ല പഞ്ചായത്ത് അംഗമെന്ന നിലയിൽ ശ്രീനാദേവിക്ക് പാർട്ടി വലിയ അംഗീകാരം നൽകിയിട്ടുണ്ട്. പാർട്ടിയിൽ ഉയർന്നുവരാൻ അവർക്ക് ഇനിയും സമയമുണ്ട്. സംസ്ഥാന കൗൺസിലിന് ശ്രീനാദേവി പരാതി കൊടുത്തതിനെപ്പറ്റി അറിയില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അടൂരിൽ സി.പി.എം കാലുവാരിയെന്ന പ്രചാരണം ശരിയല്ല. ഒരുകാലത്തും കണ്ടിട്ടില്ലാത്ത ജാതീയതയാണ് യു.ഡി.എഫ് പ്രചാരണത്തിലുണ്ടായത്. എല്ലാ ജാതിസംഘടകളെയും പ്രീണിപ്പിക്കാൻ അവർ ശ്രമിച്ചു. ജാതിപറഞ്ഞ് വോട്ട് ചോദിക്കാത്ത എൽ.ഡി.എഫിന് അത് പുതിയ അനുഭവമായിരുന്നു. അത്തരം പ്രചാരണങ്ങളെ നേരിടുന്നതിൽ ചില വീഴ്ചകളുണ്ടായി. സഹകരണ ബാങ്കുകളിൽ പാവങ്ങളുടെയും കർഷകരുടെയും നിക്ഷേപമാണുള്ളത്. ഫണ്ട് വിനിയോഗത്തിൽ സുതാര്യത പുലർത്തേണ്ടത് ഭരണകക്ഷിയാണ്. മൈലപ്ര ബാങ്കിൽ അന്വേഷണം പൂർത്തിയായ ശേഷം സി.പി.ഐ നിലപാട് പറയും. അങ്ങാടിക്കലിൽ സി.പി.എം-സി.പി.ഐ സംഘർഷത്തിൽ ചർച്ച നടത്തി പരിഹാരത്തിനു ശ്രമിച്ചു. എന്നാൽ, ധാരണകൾ സി.പി.എം നടപ്പാക്കാത്തതിൽ സി.പി.എക്ക്​ അതൃപ്തിയുണ്ടെന്ന് ജയൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ബിജു സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.