ആലത്തൂരിലെ ട്രൈക്കോ കാർഡ് നിർമാണം
ആലത്തൂർ: കുടുംബശ്രീയുടെ തുടക്കം തന്നെയാണ് ‘സാന്ത്വനം’ കൂട്ടായ്മയുടെയും തുടക്കം. ‘സാന്ത്വനം’ എന്ന് പേരിൽ മാത്രമല്ല, ശരിക്കും കർഷകർക്ക് സാന്ത്വനമാണ് ഈ പെൺകൂട്ടായ്മ. ആലത്തൂർ ഗ്രാമപഞ്ചായത്തിലെ വാനൂരിൽ ആരംഭിക്കുന്ന വിജയഗാഥ. നെൽകൃഷിക്കാവശ്യമുള്ള ജൈവ വളക്കൂട്ടുകൾ ഉൾപ്പെടെ സംഘം വിപണിയിലെത്തിക്കുന്നുണ്ട്. കൃഷിയിലും ഇവർ സ്വന്തമായ ഇടം കണ്ടെത്തിയിട്ടുണ്ട്.
20 പേർ ചേർന്ന് ആരംഭിച്ച യൂനിറ്റിന്റെ പ്രവർത്തനമേഖല കൃഷിയാണ്. കൃഷിയുമായി ബന്ധമുള്ള അംഗങ്ങളുടെ പശ്ചാത്തലവും മേഖലയിലെ വിദഗ്ധരുടെ സഹായവും സംരംഭത്തിന് പ്രേരകമായി. ആലത്തൂർ കൃഷിഭവന്റെ സഹായത്തോടെ നൂതന കാർഷിക വികസന പദ്ധതിയിൽ ജൈവീക കീട നിയന്ത്രണത്തിനായി ട്രൈക്കോഗ്രമ്മ ഉത്പാദന യൂനിറ്റ് ആരംഭിക്കാനുള്ള പ്രവർത്തനം 2019-’20 ലാണ് ആരംഭിച്ചത്. അഞ്ച് പേർക്കാണ് തുടക്കത്തിൽ പരിശീലനം നൽകിയിരുന്നത്. 2020ൽ പ്രവർത്തനം ഉദ്ഘാടനം ചെയ്ത കെ.ഡി. പ്രസേനൻ എം.എൽ.എയുടെ പിന്തുണയും കരുത്തായി.
നെൽകൃഷിയിൽ വില്ലൻമാരായ ഓലചുരുട്ടി, തണ്ടുതുരപ്പൻ കീടങ്ങൾക്കെതിരെ ഫലപ്രദമായ ട്രൈക്കോഗ്രമ്മ കാർഡുകളാണ് സംഘത്തിന്റെ വിപണിയിലെ സാന്നിധ്യങ്ങളിലൊന്ന്. മിത്രകീടങ്ങളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണം പാരിസ്ഥിതികമായി പ്രശ്നം സൃഷ്ടിക്കാത്തതും ഫലപ്രദവുമായതുകൊണ്ടുതന്നെ കർഷകർ ഉൽപന്നത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് സാന്ത്വനം കുടുംബശ്രീ അംഗങ്ങൾ പറയുന്നു. ഒരു ഏക്കറിൽ നാലു തവണകളായി ട്രൈക്കോ കാർഡുകൾ വയ്ക്കാൻ 640 രൂപയാണ് ചെലവ്. അതേസമയം ഒരു ഏക്കറിൽ കീടനാശിനി തളിക്കാൻ ഒരു തവണ 1000 രൂപയോളം ചെലവ് വരും.
നെല്ലിനു ദോഷകരമാകുന്ന ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ എന്നിവക്കെതിരായ ജൈവീക കീട നിയന്ത്രണ ഉപാധിയാണ് ട്രൈക്കോ കാർഡ്. ട്രൈക്കോഗ്രമ്മ എന്ന വേട്ടാളൻ വർഗ്ഗത്തിൽ പെട്ട പ്രാണിയെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ പ്രാണിയുടെ 18000 മുതൽ 20000 വരെ മുട്ടകൾ ഒരു കാർഡിൽ അടക്കം ചെയ്തിരിക്കുന്നു.
ഈ കാർഡുകൾ ചെറുതുണ്ടുകളാക്കി ചെടികളുടെ ഇലകളിൽ പതിച്ചോ ഇലക്കുമ്പിളിൽ കുത്തി കൊമ്പുകളിൽ നാട്ടിയോ കീടശല്യമുള്ള പാടങ്ങളിൽ വയ്ക്കാവുന്നതാണ്. രണ്ട് കാർഡുകൾ വരെ ഒരേക്കർ കൃഷിസ്ഥലത്ത് ഉപയോഗിക്കാം. ഈ മുട്ടകൾ വിരിഞ്ഞിറങ്ങി തണ്ടുതുരപ്പന്റെയും (ട്രൈക്കോഗ്രമ്മ ജപ്പോണിക്കം), ഓലചുരുട്ടിപ്പുഴുവിന്റെയും (ട്രൈക്കോഗ്രമ്മ ചിലോണിസ്) മുട്ടക്കൂട്ടങ്ങളെ തിരഞ്ഞുപിടിച്ച് അവയിൽ മുട്ടയിടുന്നു. ഇങ്ങനെയിടുന്ന മുട്ടകൾ വിരിഞ്ഞിറങ്ങുന്നവ ശത്രുപ്രാണികളുടെ മുട്ടക്കൂട്ടങ്ങളുടെ ഉൾഭാഗം തിന്നുവളരുകയും അവയുടെ ജീവിതചക്രം പൂർത്തിയാവുകയും ചെയ്യുന്നു. കീടനാശിനികളെക്കാൾ ചെലവ് കുറവും സുരക്ഷിതവുമാണ് മുട്ടകാർഡുകളെന്നതുകൊണ്ട് ഇവർക്ക് കൃഷി വകുപ്പിന്റെ സഹായവും പിന്തുണയുമുണ്ട്. കാർഷിക സർവകലാശാലയുടെ ജൈവീക കീടാരോഗ നിയന്ത്രണ വിഭാഗത്തിൽ നിന്നാണ് അംഗങ്ങൾ പരിശീലനം നേടിയത്.
ട്രൈക്കോ കാർഡ് നിർമാണം ഏറ്റെടുക്കുന്ന സംസ്ഥാനത്തെ ആദ്യ കുടുംബശ്രീ ഗ്രൂപ്പാണിത്. അതിന് പ്രോത്സാഹനമായതാവട്ടെ നൽകിയത് ആലത്തൂർ കൃഷി ഓഫീസർ എം.വി. രശ്മിയും. ആലത്തൂർ കൃഷിഭവന് കീഴിൽ 550 ഹെക്ടറോളം നെൽകൃഷിക്കും സമീപ പ്രദേശങ്ങളിലും കീടനിയന്ത്രണത്തിനായി ട്രൈക്കോ കാർഡുകൾ നിർമിക്കുന്നത് ‘സാന്ത്വന’മാണ്. നെൽകൃഷിക്ക് 50 ശതമാനം സബ്സിഡി നിരക്കിലാണ് മുട്ട കാർഡുകൾ കർഷകർക്ക് നൽകുന്നത്. ആലത്തൂർ ബസ് സ്റ്റാന്റിനോട് ചേർന്ന കെട്ടിടത്തിലാണ് നിലവിൽ യൂനിറ്റ് പ്രവർത്തിക്കുന്നത്.
പൊന്നുക്കുട്ടി പ്രസിഡൻറും ജ്യോതി ലക്ഷ്മി സെക്രട്ടറിയുമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. വർഷത്തിൽ നാല് ലക്ഷത്തോളം രൂപ കാർഡിലും ജൈവവളക്കൂട്ടിലുമായി വിറ്റുവരവുണ്ടെന്ന് ഇവർ പറയുന്നു. ഇനിയും വളർച്ചയുടെ പടവുകൾ കയറാൻ കൂടുതൽ പദ്ധതികളുമായി ‘സാന്ത്വനം’ തയാറെടുക്കുമ്പോൾ പിന്തുണയുമായി പഞ്ചായത്തും കൃഷിവകുപ്പും കാർഷിക സർവകലാശാലയും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.