കച്ചേരിപറമ്പിൽ താണ്ഡവമാടി കാട്ടാനകൾ; വ്യാപക കൃഷിനാശം

അലനല്ലൂർ: തിരുവിഴാംകുന്ന് കച്ചേരിപറമ്പിൽ കാട്ടാനകളുടെ താണ്ഡവത്തിൽ വ്യാപക കൃഷിനാശം. വെള്ളാരം പാടശേഖരത്ത് വെള്ളിയാഴ്ച പുലർച്ചയോടെ എത്തിയ കാട്ടാനക്കൂട്ടം 20 ഏക്കർ സ്ഥലത്തെ 5000ത്തോളം വാഴകളാണ് നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമാക്കിയുള്ള വിളകളാണ് നേരം ഇരുട്ടിവെളുത്തപ്പോഴേക്കും നിലംപരിശായത്. വളപ്പിൽ അലവി, മാട്ടായി രാമകൃഷ്​ണൻ, ടി. രാധാകൃഷ്​ണൻ, അലവി അച്ചിപ്ര, പാലക്കൽ ഹംസ, വട്ടത്തൊടി കുഞ്ഞിക്കോയ, കോന്നാടൻ മുഹമ്മദാലി, പുളിയക്കോട് ഖാദർ, പുളിയക്കോട് ഉണ്ണിക്കുട്ടൻ, മുള്ളത്ത് ബഷീർ, കെ. രാധാകൃഷ്​ണൻ, പാലാട്ടുതൊടി രാമകൃഷ്ണൻ, സുന്ദരൻ അമ്പാടി, ചെവ്വീരി വിശ്വനാഥൻ, അമ്മിണി, ചാലിയൻ ഷംസു എന്നിവരുടെ വാഴകളും നെടുവൻഞ്ചീരി അനിലിന്റെ രണ്ട് തെങ്ങ്, എട്ട് കവുങ്ങ്, 20 വാഴ, കണക്കഞ്ചീരി ഉമ്മറിന്റെ പത്ത് തെങ്ങ്, പത്ത് കവുങ്ങ് എന്നിവയാണ് കാട്ടാനകൾ നശിപ്പിച്ചത്. കർഷകരുടെ ദീർഘനാളത്തെ അധ്വാനമാണ് ആനകൾ ഒറ്റ നിമിഷംകൊണ്ട് ചവിട്ടിയരച്ചത്. കൃഷിനാശം മൂലം ഓരോ ദിവസവും കടക്കെണിയിലേക്ക് കൂപ്പുകുത്തി വീഴുന്ന അവസ്ഥയാണെന്ന് കർഷകർ പറയുന്നു. ആനകൾ ഏത് വഴിവരുന്നു, എപ്പോൾ വരുന്നു, എങ്ങനെ ഇവയെ തടയാം എന്നതിന് വനം വകുപ്പിന്‍റെ കൈയിൽ വ്യക്തമായൊരുത്തരവുമില്ല. പാട്ടഭൂമിയിൽ വായ്‌പ എടുത്തും സ്വർണം പണയംവെച്ചുമാണ് കച്ചേരിപ്പറമ്പ് പ്രദേശത്തെ മിക്ക കർഷകരും കൃഷി ചെയ്യുന്നത്. മുടക്ക് മുതലെങ്കിലും കിട്ടാൻ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവർ. പ്രദേശം കർഷക സംഘം മണ്ണാർക്കാട് ഏരിയ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ നടത്തുമെന്നും കർഷകരെ മുൻനിർത്തി ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അവർ പറഞ്ഞു. ഫോട്ടോ: തിരുവിഴാംകുന്ന് കച്ചേരിപറമ്പിലെത്തിയ കാട്ടാന PEW ALN 1 Kattana ഫോട്ടോ: തിരുവിഴാംകുന്ന് കച്ചേരിപറമ്പിൽ കാട്ടാനകൾ നശിപ്പിച്ച വാഴകൃഷി PEW ALN 1 Kattana vaya krishi.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.