വെളിയങ്കോട് പഴഞ്ഞി അംഗൻവാടിക്കായി വിട്ടുനൽകിയ
നഞ്ച ഭൂമി
വെളിയങ്കോട്: 29 വർഷമായി മാറി മാറി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ മൂന്ന് വർഷം മുമ്പ് സ്ഥലം വിട്ടുനൽകിയിട്ടും കെട്ടിടം യാഥാർഥ്യമായില്ല. വെളിയങ്കോട് പഴഞ്ഞി 91-ാം നമ്പർ അംഗൻവാടിക്കാണ് ദുർവിധി. 2022 ൽ അംഗൻവാടി നിർമിക്കാൻ രണ്ട് വ്യക്തികൾ സ്ഥലം വിട്ടുനൽകാൻ പഞ്ചായത്തിന് സന്നദ്ധത അറിയിച്ചിരുന്നു. ഇതിൽ ഒരു ഭൂമി നഞ്ചയും മറ്റൊന്ന് വർഷങ്ങളായി തെങ്ങുകൾ വളർന്ന തരംമാറ്റത്തിന് പ്രയാസമില്ലാത്ത ഭൂമിയുമാണ്. എന്നാൽ നഞ്ച ഭൂമിയിൽ അംഗൻവാടി നിർമിക്കാനാണ് ഭരണസമിതി തീരുമാനിച്ചത്. തൂർന്ന് കിടക്കുന്ന ഭൂമിയിൽ ഫിസിയോ തെറപ്പി സെന്റർ നിർമിക്കാനും ധാരണയായി. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ
സെക്രട്ടറിയെ ചുമതലപ്പെടുത്തി. 2023ൽ ഇരു ഭൂമിയുടെയും പ്രമാണം പഞ്ചായത്ത് സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങുകയും ചെയ്തു. സ്ഥല പരിശോധന നടത്താനുള്ള കമ്മിറ്റിയിൽ അസി. എൻജിനീയർ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് എ.ഇ സ്ഥലം സന്ദർശിച്ചപ്പോൾ അംഗൻവാടിക്കായി കണ്ടെത്തിയ സ്ഥലം നഞ്ച ഭൂമിയാണെന്നും ഇത് തരം മാറ്റണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് 2024ൽ തരം മാറ്റാൻ അപേക്ഷ നൽകി. എന്നാൽ മുൻഗണ ലിസ്റ്റിൽ ഉൾപ്പെടുത്താതെയാണ് തരം മാറ്റാനായി അപേക്ഷ നൽകിയത്. നഞ്ച ഭൂമിയെന്ന് കണ്ടെത്തിയതിനാൽ എ.ഡി.എം അപേക്ഷ തള്ളുകയും ചെയ്തു. നിയമ തടസ്സമില്ലാത്ത കരഭൂമി അംഗൻവാടിക്കായി ലഭിച്ചിട്ടും പഞ്ചായത്തിന്റെ അനാസ്ഥ മൂലം അംഗൻവാടി വീണ്ടും വാടക കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട സ്ഥിതിയിലാണ്. അംഗൻവാടി നിർമിക്കാനായി 2022 വാർഷിക പദ്ധതിയിൽ ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും ഈ ഫണ്ടും ലാപ്സാവുന്ന സ്ഥിതിയിലാണ്.
പഴഞ്ഞി ജി.എം.എൽ.പി സ്കൂളിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി സ്കൂൾ പൊളിച്ച ശേഷം സമീപത്തെ ക്ലബ് ഓഫിസിൽ പ്രവർത്തിച്ചു. വീടിന്റെ മുകൾ നിലയിലാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. അംഗൻവാടി ഇവിടെ നിന്ന് മാറ്റണമെന്ന് വീട്ടുടമ പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.