ആനപ്പാറയിലെ അംഗൻവാടി പൂളക്കുന്നിലേക്ക് മാറ്റുന്നതിൽ വിവാദം

വഴിക്കടവ്: ആനപ്പാറയിൽ പ്രവർത്തിക്കുന്ന അംഗൻവാടി പൂളക്കുന്നിലേക്കുതന്നെ മാറ്റിസ്ഥാപിക്കാനുള്ള നീക്കം വിവാദത്തിലേക്ക്. നേരത്തേ പൂളക്കുന്നിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 39ാം നമ്പർ അംഗൻവാടി സൗകര്യമില്ലായ്മമൂലം ഏഴു വർഷം മുമ്പാണ് അന്നത്തെ വാർഡ് മെംബർ അബ്രഹാം മാത‍്യുവിന്‍റെ നേതൃത്വത്തിൽ ആനപ്പാറയിലെ വാടക വീട്ടിലേക്ക് മാറ്റിയത്. പ്രദേശത്തെ 22 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിതാക്കളായിട്ടുണ്ട്. സമീപത്ത് മറ്റ് അംഗൻവാടികളില്ലാത്തതിനാൽ മാറ്റിസ്ഥാപിക്കാൻ അനുവദിക്കില്ലെന്നാണ് ആനപ്പാറ നിവാസികളും രക്ഷാകർത്താക്കളും പറയുന്നത്.

കുരുന്നുകളുടെ പഠനം വഴിമുട്ടുന്നതോടൊപ്പം കുട്ടികൾക്കും ഗർഭിണികൾക്കും അംഗൻവാടികൾ വഴി ലഭിക്കുന്ന പോഷകാഹാരങ്ങളും മറ്റും കിട്ടാതെ വരും. നീക്കത്തിനെതിരെ ജില്ല കലക്ടർ, സാമൂഹികക്ഷേമ വകുപ്പ്, പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകിയതായി ആനപ്പാറ നിവാസികളും കുട്ടികളുടെ രക്ഷാകർത്താക്കളും പറയുന്നു.

എന്നാൽ, വർഷങ്ങളായി പൂളക്കുന്നിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി കെട്ടിടം പൊളിച്ചുമാറ്റിയതോടെ താൽക്കാലികമായാണ് ആനപ്പാറയിലേക്ക് മാറ്റിയതെന്നും നാട്ടുകാരുടെ സഹകരണത്തോടെ പൂളക്കുന്നിൽ മൂന്നരലക്ഷം രൂപ മുടക്കി അഞ്ചര സെന്‍റ് ഭൂമി അംഗൻവാടിക്ക് കെട്ടിടം നിർമിക്കാൻ വാങ്ങിയതായും പൂളക്കുന്ന് നിവാസികൾ പറഞ്ഞു.

ഇവിടെ കെട്ടിടനിർമാണത്തിനുള്ള നടപടികൾ സാമൂഹികക്ഷേമ വകുപ്പിന്‍റെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. അതുവരെ അംഗൻവാടി പ്രവർത്തിക്കുന്നതിന് സൗകര‍്യപ്രദമായ വാടക കെട്ടിടവും കണ്ടെത്തി. പൂളക്കുന്നിന് അനുവദിച്ച അംഗൻവാടി മറ്റൊരിടത്ത് പ്രവർത്തിക്കുന്നത് അനുവദിക്കില്ലെന്നും ഇവർ പറയുന്നു.

നിലവിൽ പൂളക്കുന്നിലാണ് അംഗൻവാടിക്ക് അനുമതിയുള്ളതെന്നും അതിനാൽ, നിയമപരമായി മാറ്റുന്നത് എതിർക്കാനാവില്ലെന്നും വാർഡ് മെംബർ അബ്ദുൽ കരീം പറഞ്ഞു. ആനപ്പാറയിൽ പുതിയ അംഗൻവാടി സ്ഥാപിക്കുന്നതിന് പഞ്ചായത്തിന്‍റെയും സാമൂഹികക്ഷേമ വകുപ്പിന്‍റെയും സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Controversy over transfer of Anganwadi to Poolakunn in Anapara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.