മഞ്ഞൾ കൃഷിയിൽ തിളങ്ങി ജുമൈല ബാനു

വണ്ടൂർ: സാധാരണ കർഷകരുടെ ഭാഗത്ത് നിന്നുയരുന്ന വ്യാപക പരാതിയാണ് നൂറുമേനി വിളഞ്ഞാലും വിപണി ലഭിക്കുന്നില്ല എന്നത്. തിരുവാലി വാളോറിങ്ങലിലെ വടക്കേ മണ്ണുങ്ങൽ ജുമൈല ബാനുവിന്‍റെ കാര്യം എന്നാൽ വ്യത്യസ്ഥമാണ്. തന്‍റെ മഞ്ഞൾ കൃഷിക്ക് യൂറോപ്പിൽ വിപണി കണ്ടെത്തിയ ജുമൈല കൃഷി വകുപ്പിന്‍റെ സഹായത്തോടെ തമിഴ്നാട്ടിൽനിന്ന് ടർമറിക്ക് സ്റ്റീംബോയിലർ എത്തിച്ച് മഞ്ഞൾ ആവിയിൽ പുഴുങ്ങി പൊടിച്ചാണ് കയറ്റി അയക്കുന്നത്.

എറിയാട് പാട്ടത്തിനെടുത്ത 16 എക്കറിൽനിന്ന് വിളവെടുത്ത മഞ്ഞൾ പുഴുങ്ങി വൃത്തിയാക്കും. തുടർന്ന് വെയിലത്തിട്ട് ഉണക്കി പൊടിച്ചും അല്ലാതെയുമാണ് യൂറോപ്പിലേക്ക് കയറ്റി അയക്കുന്നത്. വീട്ടമ്മയായ ജുമൈല ഒറ്റക്കാണ് ഇതെല്ലാം കൈകാര്യം ചെയ്യുന്നത്. കൂടെ ബ്ലോക്ക് കൃഷി വകുപ്പുമുണ്ട്. യന്ത്രങ്ങൾക്ക് അഞ്ച് ലക്ഷത്തോളം വിലയുണ്ട്. ഇതിൽ പകുതി കൃഷി വകുപ്പ് സബ്സിഡി നൽകുമെന്ന് ബ്ലോക്ക് കൃഷി അസി. ഡയറക്ടർ പി. ഷക്കീല പറഞ്ഞു. മെഷീന്‍റെ ഉദ്ഘാടനം തിരുവാലി പഞ്ചായത്ത് പ്രസിഡന്‍റ് കെ. രാമൻകുട്ടി നിർവഹിച്ചു.

പത്ത് വർഷമായി കാർഷികവൃത്തിയിൽ സജീവമായ ജുമൈല ബാനുവിനെ തേടി കൃഷി വകുപ്പിന്‍റെ ജില്ല പുരസ്കാരവും എത്തിയിട്ടുണ്ട്. മഞ്ഞളിന് പുറമെ കൂവയും കൃഷി ചെയ്യുന്നുണ്ട്. എം.ബി.ബി.എസ് വിദ്യാർഥിനിയായ മകൾ ഷിഫയും ഭർത്താവും പ്രവാസിയുമായ കുറ്റിക്കാട്ടൂർ കീഴ്മഠത്തിൽ മുസ്തഫയും പൂർണ പിന്തുണയുമായി കൂടെയുണ്ട്.

Tags:    
News Summary - Jumaila Banu shines in turmeric cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.