എടരിക്കോട് കോഴിച്ചെന ആറുവരിപ്പാതയിൽ ഗതാഗത കുരുക്കിലകപ്പെട്ട വാഹനങ്ങളുടെ നീണ്ട നിര

നിർമാണ കമ്പനിയുടെ ക്രെയിൻ പണിമുടക്കി; എടരിക്കോട് ആറുവരിപ്പാത പൂർണമായും സ്തംഭിച്ചു; വാഹനങ്ങൾ കുടുങ്ങിയത് മണിക്കൂറുകളോളം

കോട്ടക്കൽ: നിർമാണ കമ്പനിയുടെ കൂറ്റൻ ക്രെയിൻ പണിമുടക്കിയതോടെ കോഴിക്കോട്-തൃശൂർ ആറുവരിപ്പാത പൂർണമായും സ്തംഭിച്ചു. ഇതോടെ സ്ഥിരം അപകട മേഖലയായ എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനങ്ങൾ കുടുങ്ങിയത് രണ്ടര മണിക്കൂറോളം. എറണാകുളത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് എടരിക്കോട് തിരൂർ പാതയിലെ മമ്മാലിപ്പടിക്ക് സമീപം ഓടുന്നതിനിടെ നിശ്ചലമായത്. സാധാരണ ക്രെയിനേക്കാളും വീതിയുള്ള വാഹനമായതിനാൽ ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാത്ത നിലയിലായി.

മാത്രമല്ല, ആറുവരിപ്പാതയുടെ കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് തുറന്നു കൊടുത്തിട്ടുള്ള സർവിസ് റോഡും മമ്മാലിപ്പടിയായതിനാൽ വാഹനങ്ങൾ നിരനിരയായി കുടുങ്ങി. തിരൂർ, കോട്ടക്കൽ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും ഗതാഗതക്കുരുക്കിലകപ്പെട്ടു.

അപ്രതീക്ഷിതമായി എത്തിയ മഴയും കുരുക്കിനെ ദുരിതത്തിലാക്കി. നാട്ടുകാരും യാത്രക്കാരും വിവരമറിയിച്ച് പൊലീസ് എത്തിയെങ്കിലും പരിഹരിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. അവധി ദിവസമായതിനാൽ വാഹനത്തിലെത്തിയ കുടുംബങ്ങളും കുട്ടികളും തീരാദുരിതത്തിലായിരുന്നു.

കേടുവന്ന വാഹനം ഒരു തരത്തിലും മാറ്റാൻ കഴിയാത്ത സ്ഥിതിയായതോടെ തൃശൂർ ഭാഗത്തേക്കുള്ള ആറുവരിപാത തുറന്നുകൊടുക്കുകയായിരുന്നു. രാത്രി പത്തരയോടെയാണ് മുടങ്ങിയ ഗതാഗതത്തിന് പരിഹാരമായത്. മംഗലാപുരത്തു നിന്നും വിദഗ്ധർ എത്തിയാൽ മാത്രമേ ക്രെയിനിന്‍റെ കേടുപാടുകൾ പരിഹരിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ തിരൂർ പാതയിൽ വാഹന ഗതാഗതം ഭാഗികമാണ്.

Tags:    
News Summary - Traffic block due to crane break down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.