പു​തു​പൊ​ന്നാ​നി മു​ന​മ്പം അ​ഴി​മു​ഖ​ത്ത് ഹൈ​ഡ്രോ​ഗ്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പുതുപൊന്നാനി അഴിമുഖത്തെ മണൽ നീക്കൽ നടപടികൾക്ക് തുടക്കം

പുതുപൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസ്സമായുള്ള മണൽത്തിട്ടകൾ നീക്കംചെയ്യുന്നതിനുള്ള ജോലികൾക്ക് തുടക്കംകുറിച്ചു. അഴിമുഖത്തെ ആഴവും അടിഞ്ഞുകൂടിയ മണലിന്‍റെ തോതും തിട്ടപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതുപൊന്നാനി മുനമ്പം അഴിമുഖത്ത് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

അഴിമുഖത്ത് ഒന്നര മുതൽ രണ്ട് മീറ്റർ വരെ ആഴം കൂട്ടാനാണ് പ്രാഥമിക ധാരണയായത്. ഇതിന്‍റെ ഭാഗമായി ഈ മാസം 22, 23 തീയതികളിൽ ഹൈഡ്രോ ഗ്രാഫിക് വിഭാഗം സർവേ നടത്തും. തുടർന്ന് എം.എൽ.എക്ക് സർവേ റിപ്പോർട്ട് നൽകും. തിട്ട നീക്കി ലഭിക്കുന്ന മണൽ കരാറുകാരൻ തന്നെ വിറ്റ് തുക സർക്കാറിലേക്ക് അടക്കാനാണ് തീരുമാനം. എന്നാൽ താൽക്കാലികമായി മണൽ നീക്കിയതുകൊണ്ട് ഫലമില്ലെന്നും, അഴിമുഖത്ത് ജലം സുഗമമായി ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനമാണ് വേണ്ടതെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കൂടാതെ അഴിമുഖത്ത് അടിഞ്ഞുകൂടി കിടക്കുന്ന കല്ലുകൾ നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രളയത്തിലും കടലാക്രമണത്തിലും അടിഞ്ഞുകൂടിയ മണൽത്തിട്ടകൾ മൂലം മത്സ്യബന്ധന തൊഴിലാളികൾക്കും തോണികൾക്കും കടലിൽ പോകാൻ കഴിയുന്നില്ല. ചെറുവള്ളങ്ങൾക്ക് ഉൾപ്പെടെ ഇതുവഴി കടന്നപോകാനാകാത്ത സ്ഥിതിയാണ്. കടലും പുഴയും ചേരുന്ന ഭാഗത്ത് മണൽ അടഞ്ഞുകിടക്കുന്നത് മാട്ടുമ്മൽ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടാക്കുന്നുണ്ട്.

ദുരന്ത നിവാരണ മുന്നൊരുക്ക പ്രവൃത്തികളുടെ ഭാഗമായി നേരത്തേ കുറച്ചു ഭാഗത്തെ മണൽ നീക്കിയിരുന്നെങ്കിലും അത് പൂർവസ്ഥിതിയിലായി. ഇതിനായി ചെലവഴിച്ച തുകയെല്ലാം ഇപ്പോൾ വെള്ളത്തിൽ വരച്ച വര പോലെയായി. കടവനാട്, പുറങ്ങ്, മാട്ടുമ്മൽ, വെളിയങ്കോട് എന്നിവിടങ്ങളിലെ വെള്ളം കടലിലെത്താനുള്ള പാതയാണ് പുതുപൊന്നാനി അഴിമുഖം. ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടിവ് എൻജിനീയർ രാജീവ്, അസി. എൻജിനീയർ ജോസഫ് ജോൺ, ഹൈഡ്രോ ഗ്രാഫിക് മറൈൻ സർവേയർ ഷൽബി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

എം.എൽ.എയുടെ പ്രസ്താവനക്കെതിരെ ഹാർബർ എൻജിനീയറിങ് വിഭാഗം

പുതുപൊന്നാനി: പുതുപൊന്നാനി അഴിമുഖത്തെ മണൽത്തിട്ടകൾ നീക്കാൻ രണ്ടു കോടി രൂപയുടെ പ്രപ്പോസൽ തയാറാക്കിയിട്ടില്ലെന്ന് ഹാർബർ എൻജിനീയറിങ് അധികൃതർ.

മത്സ്യബന്ധന യാനങ്ങൾക്ക് സുഗമമായി കടന്നുപോകുന്നതിന് തടസ്സമായി നിൽക്കുന്ന പുതുപൊന്നാനി അഴിമുഖത്തെ മണൽത്തിട്ടകൾ നീക്കംചെയ്യുന്നതിന് രണ്ട് കോടി രൂപയുടെ പ്രപ്പോസൽ തയാറാക്കിയെന്ന് രണ്ടു മാസം മുമ്പ് സ്ഥലം സന്ദർശിച്ച എം.എൽ.എ പറഞ്ഞിരുന്നു.

എന്നാൽ, ഈ വാദം തെറ്റാണെന്നാണ് ഹാർബർ എൻജിനീയറിങ് വിഭാഗം പറയുന്നത്. എം.എൽ.എയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ 25 ലക്ഷം രൂപയുടെ പ്രപ്പോസൽ അനുമതിക്കായി സമർപ്പിച്ചെങ്കിലും അതിന്‍റെ ഭരണാനുമതി ഇതുവരെ ലഭ്യമായിട്ടില്ലെന്നുമാണ് ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടിവ് എൻജിനീയർ സുരേഷ് പറയുന്നത്.

രണ്ട് കോടി രൂപ അനുവദിച്ചുവെന്ന എം.എൽ.എയുടെ പ്രഖ്യാപനത്തിനെതിരെ തീരദേശ മേഖല മുസ്‍ലിം ലീഗ് കമ്മിറ്റിയും നേരത്തേ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയെത്തുടർന്നാണ് മുസ്‍ലിം ലീഗും രംഗത്തെത്തിയത്. രണ്ടു കോടി അനുവദിച്ചെന്ന് പറഞ്ഞ് തീരദേശവാസികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ആരോപണം. അതേസമയം, സർക്കാർ പണം ചെലവഴിക്കാതെ അഴിമുഖത്തുനിന്ന് എടുക്കുന്ന മണൽ കരാറുകാന് തന്നെ വിൽക്കാൻ അനുമതി നൽകാനുള്ള നീക്കം അഴിമതിക്ക് കളമൊരുക്കുമെന്നാണ് ആക്ഷേപമുയരുന്നത്.

Tags:    
News Summary - The process of removing sand from Puthuponnani estuary has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.