ആലിപ്പറമ്പ് പഞ്ചായത്തിൽ തൂതപ്പുഴയിൽ കാളികടവിൽ പാലം നിർമിക്കുന്ന ഭാഗം
പെരിന്തൽമണ്ണ: മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് തൂതപ്പുഴയിൽ കാളികടവിൽ പാലത്തിന് വഴി തെളിയുന്നു. ഏതാനും ദിവസം മുമ്പാണ് വിശദമായ എസ്റ്റിമേറ്റ് സർക്കാർ അംഗീകാരത്തിന് നൽകിയത്. ഇത് അംഗീകരിച്ച് ഫണ്ട് അനുവദിക്കാനാണ് ഇനി കാത്തിരിപ്പ്. 17 കോടിയുടെ ഡി.പി.ആർ സഹിതമാണ് അന്തിമ പ്രൊജക്ട് റിപ്പോർട്ട് മരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.
ആലിപ്പറമ്പ് ഭാഗത്തെ അപ്രോച്ച് റോഡ് 175 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും രൂപ രേഖ തയാറായിരുന്നു. 150 മീറ്റർ നീളമാണ് പാലത്തിന്. നടപ്പാത അടക്കം 12 മീറ്റർ വീതിയുണ്ടാവും. ആറു തൂണും അഞ്ചു സ്പാനുകളും ഉണ്ടാവും. തദ്ദേശ തെരെഞ്ഞെടുപ്പിന് മുമ്പ് പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികൾ. പാലം സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും മറ്റു നടപടികളിലേക്ക് കടന്നിരുന്നില്ല. രണ്ടു ജില്ലകളെ ബന്ധിപ്പിച്ച് വരുന്ന പാലത്തിന്റെ അപ്രോച്ച് റോഡിനായി ആലിപ്പറമ്പ് പഞ്ചായത്തിൽ കാളികടവ് ഭാഗത്ത് 41 സെന്റ് ഭൂമി വില നൽകി വാങ്ങിയതാണ്.
മറുകരയിൽ ചെർപ്പുളശേരി നഗരസഭയിൽ വരുന്ന ഭാഗത്ത് നിലവിൽ തോണിക്കടവിലേക്ക് റോഡ് വന്നു നിൽക്കുന്നതിനാൽ റോഡ് വീതികൂട്ടേണ്ട ആവശ്യമേയുള്ളൂ. അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള പ്രോജക്ട്, ഡിസൈനിങ് വർക്ക് എന്നിവയാണ് സർക്കാറി ന്റെ പരിഗണനയിൽ ഉള്ളത്. പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ, വെട്ടത്തൂർ, താഴേക്കോട്, അരക്കുപറമ്പ് ഭാഗങ്ങളിലുള്ളവർക്ക് കുറഞ്ഞ ദൂരം കൊണ്ട് ചെർപുളശേരി വഴി ഒറ്റപ്പാലത്തേക്ക് എത്താം. ചെർപ്പുളശേരി ഭാഗത്തെ പുഴയോര പ്രദേശങ്ങളിലുള്ളവർക്കും പാലം ഏറെ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.