പാണ്ടിക്കാട്ട് അറസ്റ്റിലായത് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി

പാണ്ടിക്കാട്: ഒരുകിലോയോളം വരുന്ന ഹഷീഷുമായി പാണ്ടിക്കാട്ട് അറസ്റ്റിലായ കൊടിഞ്ഞിപ്പള്ളിക്കൽ കോയ തങ്ങൾ (52) മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്ന സംഘത്തിലെ പ്രധാനി. ഹഷീഷ് മൊത്ത വിതരണസംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് വൻതോതിൽ കേരളത്തിലേക്ക് ഹഷീഷ് എത്തിച്ച് ചെറുകച്ചവടക്കാർക്ക് വിൽപന നടത്തുകയാണ് രീതി.

കഴിഞ്ഞദിവസം ഇയാളിൽനിന്ന് പിടിച്ചെടുത്ത ഹഷീഷിന് അന്താരാഷ്ട്ര വിപണിയിൽ 50 ലക്ഷം രൂപയോളം വില വരും. ആന്ധ്രപ്രദേശ്, ഗോവ എന്നിവിടങ്ങളിൽനിന്ന് ഹഷീഷ്, എം.ഡി.എം.എ തുടങ്ങിയ മയക്കുമരുന്നുകൾ തമിഴ്‌നാട്ടിലെ ഏർവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർ മുഖേന കേരളത്തിലെത്തിച്ച് വിൽപന നടത്തുന്ന സംഘങ്ങളെക്കുറിച്ച് എസ്.പി എസ്. സുജിത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്‌ കുമാർ, പാണ്ടിക്കാട് സി.ഐ റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിക്കാട് പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിൽ പാണ്ടിക്കാട് എസ്.ഐ അരവിന്ദനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഗ്രാമിന് 5000 മുതൽ 10,000 വരെ വിലവരുന്ന ഡ്രൈ ഹാഷ് എന്നറിയപ്പെടുന്ന മാരകശേഷിയുള്ള ഹഷീഷാണ് പിടികൂടിയത്. ഇടക്കിടെ പ്രതി നടത്താറുള്ള ഏർവാടി സന്ദർശനമാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. ബുധനാഴ്ച രാത്രി ഏഴിന് പെരുവക്കാട്ടുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഘത്തിലെ മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - The leader of the drug trafficking gang was arrested in Pandikkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.