പ്രതീകാത്മക ചിത്രം

പാ​ണ്ടി​ക്കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത്; ചരിത്രമണ്ണ് ആരെ തുണക്കും

പാണ്ടിക്കാട്: സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഓർമകളിരമ്പുന്ന, അതിരുകൾ നാലുഭാഗവും പുഴകളാൽ ചുറ്റപ്പെട്ട പാണ്ടിക്കാട് പഞ്ചായത്ത് യു.ഡി.എഫിനോട് ചേർന്നുനിന്ന പാരമ്പര്യമാണുള്ളത്. 1921ലെ ചന്തപ്പുര യുദ്ധത്തിലൂടെ ചരിത്രത്തിൽ ഇടംനേടിയ പ്രദേശമാണിത്. വൈദേശിക വാഴ്ചക്കും ജന്മിത്വത്തിനുമെതിരെ സ്വതന്ത്ര ഇന്ത്യക്കുവേണ്ടി നൂറുകണക്കിനാളുകൾ ജീവൻ നൽകിയ നാട്. 1958ൽ പഞ്ചായത്ത് രൂപവത്കരണത്തിന് ശേഷം കുടുമക്കാട്ട് ശങ്കരൻ നമ്പൂതിരിയായിരുന്നു പ്രഥമ പ്രസിഡന്റ്. 1995 മുതൽ തുടർച്ചയായി 15 വർഷം മാത്രമാണ് എൽ.ഡി.എഫ് ഭരിച്ചത്. ബാക്കിയുള്ള കാലയളവ് മുഴുവൻ യു.ഡി.എഫിനൊപ്പം നിന്ന പഞ്ചായത്ത് കോൺഗ്രസിന് ഏറെ വേരോട്ടമുള്ള മണ്ണാണ്.

1995ലും 2005ലും പി. രാധാകൃഷ്ണനും 2000ത്തിൽ ബിന്ദുവും ഇടതുപക്ഷ പ്രസിഡന്റുമാരായി. കോൺഗ്രസും മുസ്‍ലിം ലീഗും രണ്ടരവർഷം വീതം പ്രസിഡന്റ് പദം പങ്കിടുന്ന കീഴ് വഴക്കമാണ് ഇവിടെയുള്ളത്. 2020ൽ ആദ്യ രണ്ടരവർഷം കോൺഗ്രസിലെ ടി.കെ. റാബിയത്തും പിന്നീടുള്ള കാലയളവ് ലീഗിലെ ടി.സി. റമീഷയും പ്രസിഡന്റ് പദം അലങ്കരിച്ചു. ഇടക്കാലത്ത് കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും നിലനിർത്താൻ യു.ഡി.എഫും അഹോരാത്രം പ്രവർത്തനത്തിലാണ്.

വിസ്തീർണത്തിൽ ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണിത്. 23 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ വാർഡ് വിഭജനത്തോടെ 24 ആയി വർധിച്ചു. യു.ഡി.എഫിൽ 13 വാർഡിൽ കോൺഗ്രസും 11 വാർഡിൽ മുസ്‍ലിം ലീഗും മത്സര രംഗത്തുണ്ട്. ഇടതുപക്ഷം 12 സി.പി.എം സ്ഥാനാർഥികളെയും 12 സ്വതന്ത്ര സ്ഥാനാർഥികളെയും ഗോദയിലിറക്കിയിട്ടുണ്ട്. 13 പഞ്ചായത്ത് വാർഡുകളിലും വെള്ളുവങ്ങാട്, ചെമ്പ്രശ്ശേരി േബ്ലാക്ക് ഡിവിഷനുകളിലുമായി ബി.ജെ.പിയും മത്സരിക്കുന്നു.

Tags:    
News Summary - Pandikkadu Gram Panchayat; Who will the historical soil support?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.