ലത്തീഫ് വല്ലാഞ്ചിറ, ബുഷ്റാബി വല്ലാഞ്ചിറ, മജീദ് വല്ലാഞ്ചിറ, സാലിൻ വല്ലാഞ്ചിറ, ഹുസൈൻവല്ലാഞ്ചിറ, സക്കീർ വല്ലാഞ്ചിറ
മഞ്ചേരി: തെരഞ്ഞെടുപ്പ് ചൂടിൽ വല്ലാത്ത പോരാട്ടം നടത്തി വല്ലാഞ്ചിറക്കാർ. നഗരസഭയിലെ വിവിധ വാർഡുകളിലൂടെ സഞ്ചരിച്ചാൽ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ സ്ഥാനാർഥികളുടെ പേരിന് മുന്നിൽ വല്ലാഞ്ചിറ എന്നുകാണാം. വല്ലാഞ്ചിറക്കാരായ ആറ് പേരാണ് ഇത്തവണ നഗരസഭയിലേക്ക് ജനവിധി തേടുന്നത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊന്നുമല്ലെങ്കിലും പല വാർഡിലും വല്ലാഞ്ചിറക്കാരുടെ പോരാട്ടമാണ്. വല്ലാഞ്ചിറ അബ്ദുൽ മജീദ്, ഹുസൈൻ വല്ലാഞ്ചിറ, വല്ലാഞ്ചിറ അബ്ദുൽ ലത്തീഫ്, സാലിൻ വല്ലാഞ്ചിറ, സക്കീർ വല്ലാഞ്ചിറ, ബുഷ്റാബി വല്ലാഞ്ചിറ എന്നിവരാണ് വിവിധ വാർഡുകളിൽ മത്സരിക്കുന്നത്. ഇതിൽ അഞ്ച് പേരും യു.ഡി.എഫ് സ്ഥാനാർഥികളും ഒരാൾ എസ്.ഡി.പി.ഐ സ്ഥാനാർഥിയുമാണ്.
വല്ലാഞ്ചിറ അബ്ദുൽ മജീദ് 42ാം വാർഡായ തുറക്കലിൽ നിന്നാണ് ജനവിധി തേടുന്നത്. തൊഴിലാളി സംഘടനകളുടെ അമരത്ത് കാലങ്ങളായി പ്രവർത്തിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഗോദയിൽ കന്നിയങ്കമാണ്. എസ്.ടി.യു ദേശീയ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ല ജനറൽ സെക്രട്ടറിയുമാണ്. മഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. മഞ്ചേരി മണ്ഡലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ വല്ലാഞ്ചിറ 36ാം വാർഡ് ശാന്തിഗ്രാമിൽ നിന്നാണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. മൂന്നാം തവണയാണ് മത്സരിക്കുന്നത്. അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്, റെഡ് ക്രോസ് ജില്ല സെക്രട്ടറി, മഞ്ചേരി പബ്ലിക് ലൈബ്രറി സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.
വല്ലാഞ്ചിറ സക്കീർ മംഗലശേരി വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. രണ്ടാംതവണയാണ് മത്സരം. റേഷൻ ഡീലേഴ്സ് സംസ്ഥാന സെക്രട്ടറിയാണ്. മുനിനിസിപ്പൽ മുസ്ലിം ലീഗ് ട്രഷററുമാണ്. മഞ്ചേരി കിഴക്കേത്തല വാർഡിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാഥി വല്ലാഞ്ചിറ ബുഷറാബിക്ക് കന്നിയങ്കമാണ്. നിർമാണതൊഴിലാളി യൂനിയൻ (എസ്.ടി.യു) സംസ്ഥാന സെക്രട്ടറിയും മഞ്ചേരി സഹകരണ ബാങ്ക് ഡയറക്ടറുമാണ്.
വല്ലാഞ്ചിറ അബ്ദുൽ ലത്തീഫ് പാലക്കുളം വാർഡിൽ നിന്നാണ് എസ്.ഡി.പി.ഐ സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ലത്തീഫിനിത് മൂന്നാമൂഴമാണ്. എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് കൂടിയാണ്. കഴിഞ്ഞ തവണ കിഴക്കേത്തല വാർഡിൽ സി.പി.എമ്മിനെ പിന്തള്ളി രണ്ടാമതെത്തിയിരുന്നു. ഓട്ടോ ഡ്രൈവറായ സാലിൻ വല്ലാഞ്ചിറ കോടതിപ്പടി വാർഡിൽ നിന്നാണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. മഞ്ചേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയാണ്. തെരഞ്ഞെടുപ്പിൽ സാലിക്കും കന്നിയങ്കമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.