കോവിഡ് പരിശോധിക്കാൻ എത്തിയാൽ ഫുൾ ബ്രോസ്റ്റ് അടക്കം സമ്മാനങ്ങൾ; വൻഹിറ്റായി ടെസ്റ്റ്​ ക്യാമ്പ്

മലപ്പുറം: കോവിഡ് പരിശോധനക്കെത്തിയാൽ കൈനിറയെ സമ്മാനം പ്രഖ്യാപിച്ച് ജനപ്രതിനിധികളും സ്ഥാപനങ്ങളും. കീഴുപറമ്പ് പഞ്ചായത്തിലെ വാർഡ് തലങ്ങളിൽ നടത്തുന്ന കോവിഡ് ടെസ്റ്റ് ക്യാമ്പുകളിലാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. ഒന്നാം വാർഡിൽ വാർഡ് അംഗം വൈ.പി സാകിയ നിസാറിൻെറ നേതൃത്വത്തിൽ ഒന്നാം വാർഡിലെ മൂന്ന് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ടെസ്റ്റ് ക്യാമ്പ് ഇതോടെ ജനപങ്കാളിത്തം കൊണ്ടും സമ്മാന പെരുമഴ കൊണ്ടും ശ്രദ്ധേയമായി.


കോവിഡ് ടെസ്റ്റ് ക്യാമ്പുകളിൽ ആളുകളുടെ പങ്കാളിത്തക്കുറവ് ഉണ്ടായതോടെ കൂടുതൽ ആളുകളെ ക്യാമ്പിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് വാർഡ് അംഗം സമ്മാന പദ്ധതിയുമായി മുന്നോട്ട് വന്നത്. രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കോവിഡ്‌ പരിശോധനക്കെത്തുന്നവർക്ക് ബ്രോസ്റ്റ് അടക്കം 9 സമ്മാനങ്ങൾ വാർഡ് മെമ്പർ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ക്യാമ്പ് ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു. 

പഴംപറമ്പ് സി.എം നഗർ സിറാജുൽഹുദ മദ്രസ, മുറിഞ്ഞമാട് അംഗൻവാടി, കല്ലിങ്ങൽ എ.എം.എൽ സ്കൂൾ എന്നിമൂന്ന് ഭാഗങ്ങളിൽ നിന്നായി ക്യാമ്പിനു പങ്കെടുത്തവരുടെ ടോക്കൺ നറുക്കെടുത്ത് ഒമ്പത്​ പേരെ തിരെഞ്ഞെടുത്തു. നറുക്ക് ലഭിച്ചവർക്ക് വാർഡ് മെമ്പർ സാക്കിയ നിസാർ സമ്മാനം വിതരണം ചെയ്തു.

ഒരു മാസത്തോളമായി ഡി കാറ്റഗറിയിൽപെട്ട കീഴുപറമ്പ് പഞ്ചായത്തിലെ ടി.പി.ആർ റേറ്റ് കുറയ്ക്കുന്നതിൻെറ ഭാഗമായാണ് വാർഡ് തലങ്ങളിൽ ടെസ്റ്റ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. ഒന്നാം വാർഡിൽ 271 പേർ പങ്കെടുത്ത ക്യാമ്പിൽ വാർഡിൽ നിന്നും രണ്ട് പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. രാവിലെ 10ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് രണ്ട് വരെ നീണ്ടു.

വാർഡിലെ ആശാ വർക്കർമാർ, അംഗൻവാടി ടീച്ചേഴ്സ്, ആർ.ആർ.ടി അംഗങ്ങൾ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

Tags:    
News Summary - Gift For Covid Test In Kizhuparamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.