കരുളായി: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ കരുളായി പാലം മുതൽ മൈലമ്പാറ വരെ അഞ്ചര കിലോമീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലിയുടെ ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കം. കരുളായി പാലം മുതൽ മൈലമ്പാറ വരെ സ്വകാര്യ ഭൂമിയിലൂടെ കിഫ്ബിയിൽ ഉൾപ്പെടുത്തി വനം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രധാനമായും സൗരോർജ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ പ്രധാന പ്രശ്നമായ കാട്ടാന ശല്യത്തിന് പൂർണമായും പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ. വനാതിർത്തികളിലെ സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെ വേലി സ്ഥാപിച്ച് കഴിഞ്ഞാൽ സംരക്ഷണ ചുമതല അതത് ഭൂവുടമകൾക്കും കർഷകർക്കുമായിരിക്കും. വേലിയിലൂടെ കാട് വളരുന്നതും മറ്റുമുള്ള കാര്യങ്ങൾ വനംവകുപ്പ് അധികൃതർക്കൊപ്പം തന്നെ ഭൂവുടമകളും പരിശോധിക്കുകയും സംരക്ഷിക്കുകയും വേണം.
വേലികടന്ന് പോവുന്ന പ്രദേശത്തെ തടസ്സമായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിന് മുന്നോടിയായി മാർക്കിങ് പ്രവൃത്തിക്കും ലൈൻ ക്ലിയറിങ്ങുമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. സുരേഷ് ബാബു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സിദ്ദീഖ് വടക്കൻ, ഗ്രാമപഞ്ചായത്ത് അംഗം എം. അബ്ദുൽ സലാം, കരുളായി വനം റേഞ്ച് ഓഫിസർ പി.കെ. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഷിഹാബുദ്ദീൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അഷ്റഫ് അലി, ആതിര, വാച്ചർമാരായ രാമൻ, മനോജ്, പ്രവൃത്തി കരാർ കോൺട്രക്ടർ ഷൗക്കത്തലി, ടെക്നീഷ്യൻ രാജേഷ്, പി.ആർ.ടി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.