കൽപകഞ്ചേരി: ജില്ലയിലെ ഭൂമി സംബന്ധമായ സേവനങ്ങള്‍ വിപ്ലവകരമായി മാറ്റുന്നതിന്റെ ഭാഗമായി, തിരൂര്‍ താലൂക്കിലെ അനന്താവൂര്‍ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ രേഖകള്‍ റവന്യൂ ഭരണത്തില്‍ നിലവില്‍ വന്നതായി കലക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു.
ഇതോടെ, ഡിജിറ്റല്‍ സര്‍വേ രേഖകള്‍ റവന്യൂ ഭരണത്തില്‍ വരുന്ന സംസ്ഥാനത്തെ നാലാമത്തെയും മലപ്പുറം ജില്ലയിലെ ആദ്യത്തെയും വില്ലേജായി അനന്താവൂര്‍ മാറി.
പൊതുജനങ്ങള്‍ക്ക് ഏറ്റവും കാര്യക്ഷമമായ ഭൂസേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുകയാണ് ഈ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രമാണങ്ങളുടെ രജിസ്ട്രേഷന്, പോക്കുവരവ്, ഭൂനികുതിയൊടുക്കല്, ലൊക്കേഷന്‍ സ്കെച്ച്, ബാധ്യത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ഭൂസേവനങ്ങളെല്ലാം ഇനി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകും.
അതിര്‍ത്തി നിര്‍ണയം, അതിര്‍ത്തി പുനര്‍നിര്‍ണയം തുടങ്ങി ഭൂരേഖാനുരക്ഷണ പ്രകാരമുള്ള എല്ലാ അപേക്ഷകളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നല്കാന് കഴിയും. അപേക്ഷകളുടെ തീര്‍പ്പാക്കലും ഓണ്‍ലൈനായി മാറും. പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പുതന്നെ കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമി ഗവ. സര്‍വെയര്‍മാര്‍ അളന്ന് സ്കെച്ച് തയാറാക്കുന്നതിനാല്‍ ഭൂമി ക്രയവിക്രയങ്ങളിലുണ്ടാകാവുന്ന പിഴവുകള്‍ ഇല്ലാതാവുകയും ഭാവിയിലെ ഭൂമി തര്‍ക്കങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യും.
പോക്കുവരവ് നടക്കുന്ന അതേദിവസംതന്നെ പൊതുജനങ്ങള്‍ക്ക് കരമടയ്ക്കാനും സാധിക്കും. അനന്താവൂരിന് പുറമെ ഈ മാസം തന്നെ തിരൂര്‍ താലൂക്കിലെ പൊന്മുണ്ടം, ആതവനാട് വില്ലേജുകളിലെയും പെരിന്തല്‍മണ്ണ താലൂക്കിലെ കുരുവമ്പലം വില്ലേജിലെയും ഡിജിറ്റല്‍ സര്‍വെ രേഖകള്‍ റവന്യൂ ഭരണത്തില്‍ നിലവില്‍ വരും. ഇതിനു പിന്നാലെ ജില്ലയില്‍ സര്‍വേ പൂര്‍ത്തീകരിച്ചിട്ടുള്ള 25 വില്ലേജുകളിലും ഈ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.