ജെൻഡർ ബജറ്റ്​ അവതരിപ്പിച്ച്​ ചാവക്കാട് നഗരസഭ

*യു.ഡി.എഫ്​ കൗൺസിലർമാർ വിട്ടുനിന്നു ചാവക്കാട്: 99.55 കോടിയുടെ പദ്ധതികളുമായി ചാവക്കാട് നഗരസഭയിൽ ജില്ലയിലെ ആദ്യ ജെൻഡർ ബജറ്റ്. യു.ഡി.എഫിലെ ഒമ്പത്​ കൗൺസിലർമാരും ബജറ്റ്​ അവതരണത്തിൽ പങ്കെടുത്തില്ല. 2022 -23 വർഷത്തേക്ക് 99.55 കോടിയുടെ വരവും 96.97 കോടിയുടെ ചെലവും 2.58 കോടിയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ജെൻഡർ ബജറ്റാണ് വൈസ് ചെയർപേഴ്​സൻ കെ.കെ. മുബാറക് അവതരിപ്പിച്ചത്. നഗരസഭയുടെ ജനസംഖ്യയിൽ പകുതിയിലധികം വരുന്ന സ്ത്രീകൾ, കൂടാതെ കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, എസ്.സി, ടി.ജി എന്നീ വിഭാഗങ്ങളെ കൂടി വികസനത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനൊപ്പം സംസ്ഥാന സർക്കാറിന്‍റെ നയമായ സ്ത്രീപക്ഷ നവകേരളം എന്ന ആശയമായ സാമൂഹിക നീതിയിലും ലിംഗ നീതിയിലും അധിഷ്ഠിതമായ ഒരു വികസനം ഉൾക്കൊണ്ടാണ് ഇത്തവണത്തെ ബജറ്റ് ജെൻഡർ ബജറ്റായി അവതരിപ്പിച്ചതെന്ന് കെ.കെ. മുബാറക്​ പറഞ്ഞു. തീരദേശ മേഖല വികസനം, മത്സ്യത്തൊഴിലാളി ക്ഷേമം, പ്രാദേശിക സാമ്പത്തിക വികസനം, ലിംഗനീതിയിൽ അധിഷ്ഠിതമായി തൊഴിൽ മേഖല മെച്ചപ്പെടുത്തൽ, കാർഷിക മേഖല വികസനം എന്നിവക്ക്​ ഒരു കോടി വീതം വകയിരുത്തിയിട്ടുണ്ട്. ടൂറിസം, ഫിഷറീസ് വകുപ്പുകളുമായി യോജിച്ച്​ എം.പി, എം.എൽ.എ ഫണ്ട്​ സ്വരൂപിച്ച്​ തയാറാക്കുന്ന സമഗ്ര തീരദേശ വികസനത്തിനായി 25 ലക്ഷം, തെങ്ങുകൃഷി പ്രോത്സാഹനത്തിനായി 35 ലക്ഷം, പച്ചക്കറി കൃഷിക്ക് 15 ലക്ഷം, ക്ഷീരമേഖല ഉൾപ്പെടെയുള്ള മൃഗസംരക്ഷണ മേഖലക്ക്​ 25 ലക്ഷം എന്നിങ്ങനെയും വകയിരുത്തി. രണ്ട് ഹെൽത്ത്‌ വെൽനെസ് സെന്‍ററുകൾ തുടങ്ങും. ഇതിന്​ 30 ലക്ഷം വകയിരുത്തി. വയോമിത്രം പദ്ധതിയുമായി ബന്ധപ്പെടുത്തി ആയുർവേദ ചികിത്സ പദ്ധതി വിപുലീകരിക്കാൻ 10 ലക്ഷം, ഹോമിയോ ഡിസ്‌പെൻസറി പ്രവർത്തനങ്ങൾക്ക്​ 10 ലക്ഷം, സമഗ്രമായ ആരോഗ്യ പരിപാടികൾ ആവിഷ്കരിക്കുന്നതിന്​ 20 ലക്ഷം എന്നിങ്ങ​നെയും നീക്കിവെച്ചിട്ടുണ്ട്. സ്കൂൾ അന്തരീക്ഷം ജെൻഡർ സൗഹൃദമാക്കാൻ സ്കൂൾ കൾച്ചറൽ ക്ലബുകൾ, കൗമാര ക്ലബുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി അഞ്ച്​ ലക്ഷം ചെലവാക്കും. കാന നിർമാണത്തിന് ഒരു കോടിയും പുതിയ പാലത്തിന് ഇരുവശവും സർക്കാർ സഹായത്തോടെ നടപ്പാത, വനിത വികസന പ്രവർത്തനങ്ങൾ എന്നിവക്കായി 40 ലക്ഷവും ചെലവിടും. കൂടാതെ മാലിന്യ സംസ്കരണത്തിനായി വിൻഡ്രോ കമ്പോസ്റ്റിങ്​ സംവിധാനം, രണ്ട് കോടി ചെലവിട്ട് മാലിന്യ സംസ്കരണ സംവിധാനം എന്നിവയുണ്ടാകും. ഒന്നര കോടി ചെലവിൽ മുട്ടിൽ പ്രദേശത്ത് നഗരസഭക്ക്​ സ്വന്തമായുള്ള സ്ഥലത്ത് ഭൂമിയും വീടും ഇല്ലാത്ത 44 കുടുംബങ്ങൾക്ക് ഒന്നാം ഘട്ടമായി ഫ്ലാറ്റ് നിർമിച്ചു നൽകും. പുതിയ നഗരസഭ ഓഫിസ് കെട്ടിടം നിർമിക്കാൻ നാല് കോടി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച 10.30ന് പ്രത്യേക കൗൺസിൽ ചേരുമെന്ന് ചെയർപേഴ്സൻ അറിയിച്ചു. ബജറ്റ് അവതരണ യോഗത്തിൽ പ്രതിപക്ഷമായ യു.ഡി.എഫിലെ ഒമ്പത് കൗൺസിലർമാരും പങ്കെടുത്തില്ല. ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി നിർമിച്ച കള്ളുഷാപ്പ് പൊളിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട് വ്യാഴാഴ്ച യു.ഡി.എഫ് കൗൺസിലർമാരിൽ എട്ടുപേർ സെക്രട്ടറിയെ ഉപരോധിച്ച് സമരം നടത്തിയിരുന്നു. ഈ സംഭവം കർത്തവ്യ നിർവഹണത്തെ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് സെക്രട്ടറി ചാവക്കാട് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് ജാമ്യമില്ലാത്ത വകുപ്പിട്ട് കേസെടുത്തതിനാൽ കൗൺസിലിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ്​ വിട്ടുനിന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.