അന്തർ ജില്ല മോഷ്ടാവ് പൊലീസ് വലയിൽ

മഞ്ചേരി: വിവിധ ജില്ലകളിൽ നിരവധി കവർച്ച, മോഷണ കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശിയെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. അണ്ടത്തോട് ചെറായി തൊട്ടുങ്ങൽ ഷജീറാണ്​ (37)പിടിയിലായത്​. കളവു നടത്താൻ ആഡംബര വാഹനത്തിൽ വരുന്നതിനിടെ തുറക്കൽ ബൈപാസിൽനിന്നാണ്​ അറസ്റ്റ്​ ചെയ്തത്​​. ജില്ലയിലെ വിവിധയിടങ്ങളിൽ രാത്രി ആൾതാമസമില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച്​ ആഭരണങ്ങളും പണവും മറ്റും കവർന്ന കേസിൽ ഇയാൾ പ്രതിയാണെന്ന്​ പൊലീസ്​ അറിയിച്ചു. മഞ്ചേരിയിൽ അസി. സെഷൻസ്​ കോടതി ജഡ്​ജിയുടേതടക്കം നിരവധി വീടുകളിൽ കവർച്ച നടന്നിരുന്നു. ഇതേതുടർന്ന്​ ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ച്​ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2007 മുതൽ ഇയാൾ കളവും കവർച്ചയും നടത്തിവരുകയായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ കുറഞ്ഞ കാലയളവിൽ വാടകക്ക് താമസിച്ചാണ്​ കവർച്ച ആസൂത്രണം ചെയ്തിരുന്നത്​. തൊട്ടടുത്തുള്ള ടൗണിൽ ജോലിയെന്ന്​ നാട്ടുകാരെ പറഞ്ഞ്​ വിശ്വസിപ്പിച്ച് കാറിലും ബൈക്കിലും കറങ്ങിനടന്ന്​ ആൾതാമസമില്ലാത്ത വീടുകൾ കണ്ടെത്തി അർധരാത്രി ഉപകരണങ്ങളുമായെത്തി കളവ് നടത്തുകയായിരുന്നു രീതി. പ്രതിയിൽനിന്ന്, കാർ, മോട്ടോർ സൈക്കിൾ, 30 പവൻ സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും വാച്ചുകളും, ടാബ് തുടങ്ങിയ കളവു മുതലുകൾ കണ്ടെടുത്തു. സ്വർണാഭരണങ്ങൾ പ്രതി പട്ടാമ്പിയിലെ ജ്വല്ലറിയിലും വാച്ച്, കാമറ തുടങ്ങിയവ പെരിന്തൽമണ്ണയിലുള്ള ഷോപ്പിലും വിൽപന നടത്തുകയും ഇങ്ങനെ ലഭിച്ച തുക ഉപയോഗിച്ച് കാറും മോട്ടോർ സൈക്കിളും സ്വന്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വടക്കേക്കാട്, പെരുമ്പടപ്പ്, പൊന്നാനി, ചാവക്കാട്, ആലുവ, ഗുരുവായൂർ ക്ഷേത്രം, പെരുമ്പാവൂർ, എറണാകുളം നോർത്ത് തുടങ്ങിയ സ്റ്റേഷനുകളിലായി അമ്പതോളം കളവു കേസുകളിൽ ഇയാൾ പ്രതിയാണ്​. വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണ് പ്രതി. ജില്ല പൊലീസ് മേധാവി കെ. സുജിത്ത് ദാസ്, എ.എസ്.പി ഷാഹുൽ ഹമീദ്, മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ് എന്നിവരുടെ നിർദേശപ്രകാരം മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ എസ്.ഐ വിവേക്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അനീഷ്‌ ചാക്കോ, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ്‌ സലീം പുവത്തി, പി. ഹരിലാൽ, ആർ. ഷഹേഷ്, അബ്ദുൽ റഷീദ്, തൗഫീഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്​. mpg theft prathi shajeer (37) : ഷജീർ mpg theft tools : പ്രതിയിൽനിന്ന്​ പിടികൂടിയ ഉപകരണങ്ങൾ mpg theft gold : പ്രതിയിൽനിന്ന്​ പിടികൂടിയ സ്വർണാഭരണങ്ങൾ പരിശോധിച്ചത് നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ മഞ്ചേരി: ജില്ലയെ വിറപ്പിച്ച മോഷ്ടാവിനെ പിടികൂടാൻ പൊലീസ് പരിശോധിച്ചത് നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ. വെള്ളില യു.കെ പടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പ്രതി അർധരാത്രി ഒരുമണിയോടെ വീട്ടിൽ നിന്ന്​ ഇറങ്ങി മൂന്നരയോടെ തിരിച്ചെത്തുന്ന രീതിയിലാണ്​ മോഷണം ആസൂത്രണം ചെയ്തിരുന്നത്​. ഈ സമയങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പ്രധാനമായും പരിശോധിച്ചത്. കഴിഞ്ഞ 25ന് മലപ്പുറം റോഡിൽ 22ാം മൈലിലെ ആളില്ലാത്ത വീട്ടിൽ നടന്ന മോഷണത്തിൽ തൊട്ടടുത്തുള്ള കടയിൽ നിന്ന്​ ഇയാൾ എത്തുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് മലപ്പുറം റോഡിലെയും ആനക്കയത്തെയും നിരവധി സ്ഥാപനങ്ങളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. രാത്രി മൂന്നരയോടെ ഈ ക്വാർട്ടേഴ്സിലേക്ക് ബൈക്കിൽ എത്തുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പൊലീസിന്​ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും അര്‍ധരാത്രിയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് ആഴ്ചകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുമ്പുണ്ടായത്​ നിരവധി കേസുകൾക്ക്​ മഞ്ചേരി: തൃശൂർ സ്വദേശി ഷജീറിനെ പിടികൂടിയതോടെ തുമ്പുണ്ടായത് നിരവധി കേസുകൾക്ക്. മഞ്ചേരിയിലെ നിരവധി സ്ഥലങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. കഴിഞ്ഞ 25ന് പുലർച്ച മഞ്ചേരി 22ാം മൈലിലുള്ള വീട്ടിൽനിന്ന് 30 പവനും അരലക്ഷം രൂപയും കവർന്ന ഇയാൾ മഞ്ചേരി മുള്ളമ്പാറ റോഡിൽ ജഡ്ജിയുടെ വീട് കുത്തിപ്പൊളിച്ചും കവർച്ച നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് വായ്പാറപ്പടി മുരളീധരന്‍റെ വീട്ടിൽ നടന്ന കവർച്ച, മഞ്ചേരി തുറക്കലിൽ ഡോ. സുലൈഖയുടെ വീട്ടിലെ മോഷണം, മലബാർ ആശുപത്രിക്ക് അടുത്തുള്ള പത്മാലയം വീട്ടിൽ ശശിയുടെ വീട്ടിലെ മോഷണം തുടങ്ങിയ കേസുകളിലും തുമ്പായി. കഴിഞ്ഞ വർഷം മഞ്ചേരി മേലാക്കം, കിഴക്കേ പുത്തൻപുരക്കൽ രമേശന്‍റെ വീട്ടിൽനിന്ന് ഏഴര പവനും, 2020 ഒക്ടോബറിൽ മങ്കട മണിയറയിൽ വീട്ടിൽ ജിൻഷാദിന്‍റെ വീട്ടിൽ നിന്ന് ഏഴര പവനും കടന്നമണ്ണ പള്ളിയാലിൽ അബ്ദുൽ റഷീദിന്‍റെ വീട്ടിൽ നിന്ന് ഒരു പവനും കവർന്നത്​ ഷജീറാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.