ഇഞ്ചോടിഞ്ച് പോരാട്ടത്തിന് തിരൂര്‍ നഗരസഭ

തിരൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ തിരൂര്‍ നഗരസഭയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഭരണം നിലനിര്‍ത്തുമെന്ന് എല്‍.ഡി.എഫ് പ്രഖ്യാപിക്കുമ്പോള്‍ തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസത്തോടെ പറയുന്നു. 38 ആണ് ആകെ സീറ്റ്. 15 വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിന് അന്ത്യംകുറിച്ചാണ് 2015ല്‍ എല്‍.ഡി.എഫ് തിരൂര്‍ നഗരസഭയില്‍ അധികാരത്തിലേറിയത്. യു.ഡി.എഫില്‍ മുസ്​ലിം ലീഗ് സ്വതന്ത്രരുള്‍പ്പെടെ 25 വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്വതന്ത്രരുള്‍പ്പെടെ 13 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. എല്‍.ഡി.എഫില്‍ സി.പി.എം സ്വതന്ത്രരുള്‍പ്പെടെ 31 വാര്‍ഡുകളിലും സി.പി.ഐ, ഐ.എന്‍.എല്‍, എന്‍.സി.പി, ജനതാദള്‍ എന്നിവരാണ് ബാക്കി ഏഴു സീറ്റുകളില്‍ മത്സരിക്കുന്നത്. എന്‍.ഡി.എ സ്വതന്ത്രരുള്‍പ്പെടെ 19ഉം എസ്.ഡി.പി.ഐ അഞ്ച് സീറ്റിലും മത്സരരംഗത്തുണ്ട്. യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ ആറ്​ വാര്‍ഡുകളില്‍ വിമതഭീഷണി നേരിടുന്നുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പൊട്ടലും ചീറ്റലും സീറ്റ് നല്‍കാത്തതുമാണ് ഇരുമുന്നണികള്‍ക്കുമെതിരെ വിമതര്‍ രംഗത്തിറങ്ങാന്‍ കാരണമായത്. വികസന തുടര്‍ച്ചക്കായി ഇത്തവണയും തങ്ങളെ അധികാരത്തിലെത്തിക്കുമെന്നാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍, വികസനമുരടിപ്പും കസേര കൈമാറ്റവുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലേതെന്നും ഇത്തവണ ഭരണം തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയും യു.ഡി.എഫിന് നേട്ടമാവുമെന്ന്​ വിലയിരുത്തപ്പെടുന്നു. ചില വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇരുമുന്നണികളും നടത്തുന്നുണ്ട്. പ്രചാരണം അവസാന ലാപ്പിലേക്ക് അടുക്കുന്നതോടെ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പ്രചാരണമാണ് നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.