ഹാർബറിലെ കയറ്റിറക്ക് കൂലി തർക്കങ്ങൾക്ക് പരിഹാരമായി

പൊന്നാനി: ഹാർബറിൽ ഏറെക്കാലമായി നിലനിന്നിരുന്ന കയറ്റിറക്ക് തൊഴിലാളികളുടെ കൂലിയെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരമായി. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ സമരത്തിലായിരുന്നു. മത്സ്യബന്ധന യാനങ്ങളിൽ എത്തുന്ന മത്സ്യങ്ങൾ മത്സ്യസംസ്കരണ കേന്ദ്രങ്ങളിലേക്കും വാഹനങ്ങളിലേക്കും എത്തിക്കുന്ന നൂറിലധികം കയറ്റിറക്ക് തൊഴിലാളികളാണ് പൊന്നാനി ഹാർബറിൽ തൊഴിലെടുക്കുന്നത്. ഒരുകൊട്ടക്ക് 13.50 എന്ന് 2012ൽ നിശ്ചയിച്ച കൂലിയാണ് എട്ട് വർഷത്തിനുശേഷവും നൽകുന്നത്. ഇതുവർധിപ്പിക്കണമെന്ന് പലതവണ ഇവർ ഷെഡ് ഉടമകളോട് ആവശ്യപ്പെട്ടിട്ടും ഈ ആവശ്യം അംഗീകരിക്കാതായതോടെയാണ് ഇവർ പണിമുടക്ക് ഉൾപ്പെടെ നടത്തിയത്. എന്നാൽ, ചില ഷെഡ് ഉടമകൾ കൂലി വർധിപ്പിക്കാൻ തയാറായെങ്കിലും ചിലർ ഈ ആവശ്യം അംഗീകരിക്കാൻ മടിക്കുകയായിരുന്നു. 30 കിലോയോളം വരുന്ന ഒരു കൊട്ട മീറ്ററുകളോളം തലച്ചുമടായാണ് ഷെഡുകളിൽ എത്തിക്കുന്നത്. പഴയ പാതാറിൽ മത്സ്യം വള്ളങ്ങൾ അടുപ്പിക്കുന്നതിന് സമീപം തന്നെയായിരുന്നു ഷെഡുകളെങ്കിലും പുതിയ ഹാർബറിൽ ഏറെ ദൂരം നടന്നുവേണം മത്സ്യം ഷെഡുകളിൽ എത്തിക്കാൻ. ഒരുകൊട്ടക്ക് 18 രൂപ നിരക്കിലാണ് കൂലി വർധിപ്പിച്ചത്. മത്സ്യലഭ്യതയുള്ള സമയത്ത് മാത്രമാണ് ഇവർക്ക് കൂടുതൽ കൂലി ലഭിക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.