അരിമണൽ, മഞ്ഞൾപാറ ബദൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു

കരുവാരകുണ്ട്: ബദൽ സ്കൂളുകൾ നിർത്തലാക്കിയുള്ള സർക്കാർ ഉത്തരവിൽ താഴ് വീണ് കരുവാരകുണ്ടിൽ രണ്ട് വിദ്യാലയങ്ങൾ. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിലുള്ള നടപടിയിൽ അരിമണൽ, മഞ്ഞൾപാറ ആൾട്ടർനേറ്റിവ് ആൻഡ്​ ഇന്നവേറ്റിവ് എജുക്കേഷൻ സെന്ററുകളാണ് അടച്ചുപൂട്ടുന്നത്. രണ്ട് വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളുകളിലേക്ക് വിടുതൽ രേഖ നൽകാനാണ് നിർദേശം. സംസ്ഥാനത്തെ 175 ബദൽ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളാണ് ഇവ രണ്ടും. 2003ൽ ആരംഭിച്ച സ്കൂളുകളിൽ ക്ലാസ് മുറികൾ അടക്കം എല്ലാ ഭൗതികസൗകര്യങ്ങളുമുണ്ട്. അരിമണലിൽ എൽ.പി വിഭാഗത്തിൽ 100 പേരും പ്രീ പ്രൈമറിയിൽ 50 പേരുമുണ്ട്. മഞ്ഞൾപാറയിലും നൂറിലേറെ വിദ്യാർഥികളുണ്ട്. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽനിന്ന്​ മറ്റുമായി ഒരു കോടിയോളം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഇവിടെ ഇതിനകം നടന്നിട്ടുണ്ട്. എൽ.പി സ്കൂളായി ഉയർത്താനുള്ള സജീവ ശ്രമം നടക്കുന്നതിനിടെ എത്തിയ അടച്ചുപൂട്ടൽ ഉത്തരവിൽ സ്തബ്ധരായിരിക്കുകയാണ് രക്ഷിതാക്കളും നാട്ടുകാരും. അരിമണലിലെ കുട്ടികൾക്ക് ഇനി മൂന്ന്​ കിലോമീറ്റർ ദൂരെയുള്ള നീലാഞ്ചേരിയിലെയും മഞ്ഞൾപാറയിലെ വിദ്യാർഥികൾക്ക് പഴയകടക്കലിലെയും സ്കൂളുകളിൽ പോകേണ്ടിവരും. പത്ത് വയസ്സിൽ താഴെയുള്ള ഇവർക്ക് യാത്രാസൗകര്യം കണ്ടെത്തൽ രക്ഷിതാക്കൾക്ക് ഭാരവുമാവും. ചൊവ്വാഴ്ച എ.ഇ.ഒ എ. അപ്പുണ്ണി, ബി.പി.സി എം. മനോജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് എന്നിവർ സ്കൂളുകളിലെത്തി പി.ടി.എ ഭാരവാഹികളെ കണ്ടു. എന്നാൽ, ഉത്തരവ് അംഗീകരിക്കാനാവാത്ത അവസ്ഥയിലാണ് ഭാരവാഹികൾ. mn krkd arimanal badal school അരിമണൽ ബദൽ സ്കൂൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.