താമരശ്ശേരി (കോഴിക്കോട്): ഗതാഗതക്കുരുക്കിൽപ്പെട്ട് ചുരത്തിൽ മണിക്കൂറുകളോളം കുടുങ്ങുന്ന യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾപോലും നിറവേറ്റാനാവാത്ത സ്ഥിതിയാണ്. ശൗചാലയം അടക്കമുള്ള സൗകര്യങ്ങളൊന്നും ചുരം റോഡിലില്ല.
ചുരത്തിന്റെ മുകൾഭാഗത്ത് അപകടങ്ങളുണ്ടാകുമ്പോൾ 25ഓളം കി.മീറ്റർ സഞ്ചരിച്ച് താമരശ്ശേരിയിൽനിന്ന് പൊലീസ് എത്തുമ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരിക്കും. അടിവാരത്ത് പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യത്തിനുള്ള വാഹനങ്ങളോ മറ്റു സൗകര്യങ്ങളോ ഇവിടെയില്ല. അടിവാരത്ത് പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന നിരന്തര ആവശ്യത്തെ തുടർന്ന് സ്റ്റേഷൻ സ്ഥാപിക്കുന്നത് അംഗീകരിക്കപ്പെട്ടെങ്കിലും തുടർനടപടി എങ്ങുമെത്തിയില്ല.
ചുരത്തിൽ നാല്, ആറ് മുടിപ്പിൻ വളവുകൾക്ക് സമീപം പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചാൽ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറക്കാൻ സാധിക്കും. നിലവിൽ ചുരത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ സന്നദ്ധ കൂട്ടായ്മയായ ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് കൈത്താങ്ങായി എത്താറുള്ളത്.
ഈയിടെയായി ചുരം കയറുന്ന വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ അധികരിച്ചിട്ടുണ്ട്. താമരശ്ശേരിയിൽ അഗ്നിരക്ഷാനിലയം ഇല്ലാത്തതിനാൽ ദുരന്തമുണ്ടാകുമ്പോൾ കി.മീറ്ററുകൾ ദുരം താണ്ടി മുക്കത്തുനിന്നും വൈത്തിരിയിൽനിന്നും സേന സാഹസപ്പെട്ട് എത്തേണ്ട ദുരവസ്ഥയാണ്. ചുരത്തിൽ ചിലയിടങ്ങളിൽ സുരക്ഷാഭിത്തികൾക്ക് വിള്ളലുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.