താമരശ്ശേരി: ഫ്രഷ് കട്ട് വിരുദ്ധ സമരത്തിൽ ആരെങ്കിലും നുഴഞ്ഞുകയറിയെന്ന് പരിതപിക്കുകയല്ല, പ്രശ്നത്തിന് പരിഹാരം കാണുകയാണ് ഉത്തരവാദപ്പെട്ടവർ ചെയ്യേണ്ടതെന്ന് സി.പി.എം പ്രാദേശിക നേതാവും പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഗിരീഷ് ജോൺ. എല്ലാ പാർട്ടികളുടെയും ആളുകൾ സമരത്തിന്റെ ഭാഗമായി രംഗത്തുണ്ടായിരുന്നു.
ഫ്രഷ് കട്ട് ഫാക്ടറിയുടെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരായതുകൊണ്ടാണ് സ്ത്രീകളും കുട്ടികളും സമരത്തിലെത്തിയത്. ഇത് അവരുടെ പ്രയാസമാണ് സൂചിപ്പിക്കുന്നത്. സമരത്തെ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ല. കോടതി ഉത്തരവിന്റെ ഭാഗമായാണ് ഫ്രഷ് കട്ടിന് സംരക്ഷണം നൽകുന്നത് എന്ന് പറയുന്നതിൽ കാര്യമില്ല. അതെല്ലാം സാങ്കേതികത്വത്തിന്റെ ഭാഗമാണ്. സർക്കാർ ഏജൻസികൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പാടിയിൽ രണ്ടുതവണ പ്രസിഡന്റായിരുന്നു ഗിരീഷ് ജോൺ. കഴിഞ്ഞ ദിവസം മന്ത്രി എം.ബി. രാജേഷ് ഫ്രഷ് കട്ട് സമരത്തിൽ ഛിദ്രശക്തികൾ നുഴഞ്ഞുകയറിയെന്നുള്ള കുറിപ്പ് ഫേസ്ബുക്കിൽ എഴുതിയതിനു താഴെ ആ കുറിപ്പിനെ വിമർശിച്ചു കൊണ്ടും ഗിരീഷ് ജോൺ കമന്റിട്ടിരുന്നു. ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല നേതൃത്വത്തിന്റെ വാദം തള്ളി പലരും രംഗത്തുവരുന്നത് പാർട്ടിക്ക് ക്ഷീണമാവുമെന്നാണ് അണികളുടെ വിലയിരുത്തൽ.
താമരശ്ശേരി: ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് സി.പി.എം-പൊലീസ്-ഫ്രഷ് കട്ട് ഗൂഢാലോചന തിരിച്ചറിയുക എന്നപ്രമേയത്തിൽ എസ്.ഡി.പി.ഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.
സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം പൊതുയോഗം ഉദ്ഘാടനം ചെയ്തു. സി.പി.എം ജനകീയ സമരത്തെ ഒറ്റുകൊടുത്തു എന്നും, നേതാക്കൾ സമ്പന്നരുടെയും സംഘ്പരിവാറിന്റെയും പണിയാളുകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.പി. യുസുഫ് അധ്യക്ഷത വഹിച്ചു. ഇ.പി. റസാഖ്, ആബിദ് പാലക്കുറ്റി, സിദ്ദീഖ് കരുവൻപൊയിൽ, പി.ടി. അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.