കാർത്തികും വിനായകും ആടുകൾക്കൊപ്പം

ലോക്ഡൗണിൽ തുടങ്ങിയ മോഹം; കുട്ടികളുടെ ആട് ഫാം ഹിറ്റ്

നടുവണ്ണൂർ: ലോക് ഡൗൺ കാലത്തെ മോഹമായിരുന്നു ഇവർക്ക് രണ്ട് ആടിൻ കുട്ടികളെ വേണമെന്ന്. മക്കളുടെ നിർബന്ധത്തിന് വഴങ്ങി ആടുകളെ വാങ്ങി. ഇപ്പോ അത് ഇരുപതോളം ആടുകളിൽ എത്തി നിൽക്കുന്നു. കരുവണ്ണൂരിലെ കോഴിക്കാവിൽ കാർത്തിക് ദീപേഷിനും വിനായക് ദീപേഷും നടത്തിയ വേറിട്ടൊരു വഴിയിലൂടെയാണ് ഇന്ന് നടക്കുന്നത്.

എല്ലാവരും മൊബൈലും സൈക്കിളും വാങ്ങിത്തരാൻ വാശി പിടിക്കുമ്പോൾ ഇവരുടെ വാശി ആട്ടിൻ കുട്ടികളെ വേണമെന്നായിരുന്നു. അങ്ങിനെ ആറാം ക്ലാസുകാരനായ കാർത്തികും ഒന്നിൽ പഠിക്കുന്ന വിനായകനും ഇന്ന് ഒരു കുഞ്ഞ് ആട് ഫാം സ്വന്തം.കരുവണ്ണൂർ ഗവ.യു.പിയിലെ വിദ്യാർത്ഥികളാണ് ഇരുവരും.കുട്ടികൾ ടിവിക്ക് മുന്നിലും മോബൈൽ ഗെയിമുകൾക്കും സമയം ചെലവഴിക്കുന്ന പുതിയ കാലത്ത് ഇവർ സമയം ചെലവഴിക്കുന്നത് ആടുകൾക്കൊപ്പമാണ്.

ലോക് ഡൗണിൽ സ്കൂൾ അടച്ച സമയത്താണ് ആദ്യമായി രണ്ട് ആട്ടിൻകുട്ടികളെ വാങ്ങുന്നത്.പിന്നീട് വീണ്ടും ഏഴ് ആടുകളെ കൂടി വാങ്ങി. മൃഗാശുപത്രിയുടെ പ്രത്യേക പദ്ധതിയിൽ 11 ആടുകളെ കൂടി ഇവർ വാങ്ങിച്ചു. ആടുകൾക്ക് തീറ്റ കൊടുക്കുന്നതും വെളളം കൊടുക്കുന്നതും നോക്കുന്നതുമെല്ലാം ഇവർ തന്നെ. അമ്മ ദിവ്യ പേരാമ്പ്ര എസ്.ആർ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയാണ്.അച്ഛൻ

ദീപേഷ് നിർമാണ തൊഴിലാളിയും. ഇവർ രാവിലെ പോയാൽ വൈകിട്ടാണ് എത്തുക.അതിനിടക്ക് ആടുകളുടെ സകല കാര്യങ്ങളും കാർത്തിക് ദീപേഷും വിനായകും ഒരുമിച്ച് ചെയ്യും. ആരും നിർബന്ധിച്ചിട്ടല്ല. ഏറ്റവും ഉത്സാഹത്തോടെയും ഇഷ്ടത്തോടെയും. ആട് മാത്രമല്ല ഒരു പശുവിൻ കുട്ടിയും മത്സ്യം വളർത്തലും കോഴി വളർത്തലും ഇതിനോടൊപ്പം ഇവർ നോക്കുന്നു. നാല് ആടുകൾ ഗർഭിണികളാണ്.

കോഴിക്കാവിൽ ഏഴ് സെൻ്റ് സ്ഥലത്താണ് ഇവർ താമസിക്കുന്നത്. ആടുകൾക്കുള്ള സകല കാര്യവും ചെയ്ത് കൃത്യം നാല് മണിക്ക് കാർത്തികും വിനായകും ഫുട്ബോൾ കളിക്കിറങ്ങും. പിന്നീട് കളി കഴിഞ്ഞതിന് ശേഷവും ഇവർ ആടുകൾക്കൊപ്പം. അച്ചാച്ചൻ കുഞ്ഞിരാമനാണ് ആടുവളർത്തലിൽ പ്രചോദനമെന്നും ഏറ്റവും ഇഷ്ടത്തോടെയാണ് ഇത് ചെയ്യുന്നതെന്നും കാർത്തിക് പറയുന്നു. ആടുകൾക്ക് എന്തെങ്കിലും അസുഖം വരുമ്പോഴേക്കും ഏട്ടനും അനിയനും സങ്കടമാണെന്നും അവര് ഭക്ഷണം കഴിച്ചില്ലെങ്കിലും നേരത്തിന് ആടുകൾക്ക് ഭക്ഷണം റെഡിയാണെന്നും അമ്മ ദിവ്യ പറയുന്നു. ആടുകൾക്കൊപ്പമുള്ള സൗഹൃദത്തിന് അച്ഛനും അമ്മയും ഇവർക്കൊപ്പം കൂട്ടിനുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.