മോചിതനായി വീട്ടിലെത്തിയ ദീപാഷ്

ഹൂതി വിമതരുടെ തോക്കിൻമുനയിൽനിന്ന് ഇത് രണ്ടാം ജന്മമെന്ന് ദീപാഷ്

മേപ്പയൂർ: ചെങ്കടലിൽ ജീവിതം അവസാനിച്ചെന്നു കരുതിയ തനിക്ക് ഇത് രണ്ടാം ജന്മമാണെന്ന് ദീപാഷ്. ഹൂതി വിമതർ തട്ടിയെടുത്ത ചരക്കുകപ്പലിലെ പാചകത്തൊഴിലാളിയായ വിളയാട്ടൂരിലെ മുട്ടപറമ്പിൽ ദീപാഷ് മോചിതനായി വീട്ടിലെത്തിയത് ചൊവ്വാഴ്ച രാത്രി 11 ഓടെയാണ്.

ബന്ദിയാക്കപ്പെട്ടതിന്റെ ആ കറുത്ത ദിനരാത്രങ്ങളെ കുറിച്ച് പറയുമ്പോൾ ഈ യുവാവിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. മിലിട്ടറി ഉപകരണങ്ങളുമായി സൗദി ജീസാൻ തുറമുഖത്തേക്ക് തിരിക്കുകയായിരുന്ന കപ്പൽ ചെങ്കടലിൽനിന്ന് ജനുവരി രണ്ടിന് പുലർച്ചെയാണ് വിമതർ പിടിച്ചെടുക്കുന്നത്. ബോട്ടുകളിലെത്തിയ ഹൂതികൾ കപ്പലിലേക്ക് വെടിയുതിർത്തു. കപ്പലിനകത്തു കയറി ദീപാഷ് ഉൾപ്പെടെ താമസിക്കുന്ന റൂമിന്റെ പൂട്ടു തകർക്കാനും വെടിയുതിർത്തു. വെടിശബ്ദം കേട്ട് അപ്പോൾ തന്നെ തങ്ങളെ കൊല്ലുമെന്നാണ് കരുതിയതെന്ന് ദീപാഷ് പറഞ്ഞു.

ദീപാഷ് ഉൾപ്പെടെ ഏഴ് ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കൂടാതെ ഫിലിപ്പീൻസുകാരനായ ക്യാപ്റ്റൻ, ഇന്തോനേഷ്യൻ ചീഫ് ഓഫിസർ, മ്യാന്മർ ചീഫ് എൻജിനീയർ എന്നിവരും ഉണ്ടായിരുന്നു. ഏഴുപേരെ വിമതർ ബോട്ടിൽ കയറ്റി യമനിലെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയിലെ റൂമിൽ ബന്ദികളാക്കി. പിന്നീട് കപ്പലും ഇവർ ഹുദൈദ തുറമുഖത്ത് എത്തിച്ചു. 11 പേരെയും ഇടക്കിടെ കപ്പലിലേക്കും റൂമിലേക്കും മാറ്റുന്നുണ്ടായിരുന്നു.

തടവിലായതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന ഫോൺ പിടിച്ചുവാങ്ങി. രണ്ടാഴ്ച കൂടുമ്പോൾ ബന്ധുക്കളെ വിളിക്കാൻ അവരുടെ ഫോൺ നൽകിയിരുന്നു. ദേഹോപദ്രവമൊന്നും ഏൽപിച്ചില്ലെങ്കിലും പുറംലോകം കാണാതെയുള്ള നാലു മാസം മാനസികമായി ഏറെ തകർത്തതായി ദീപാഷ് പറഞ്ഞു. ആലപ്പുഴക്കാരനായ അഖിലും കോട്ടയം സ്വദേശി ശ്രീജിത്തും ബന്ദികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒമാനിൽനിന്ന് ചാർട്ട് ചെയ്ത വിമാനത്തിലാണ് ഏഴുപേരും ഡൽഹിയിലെത്തിയത്. തുടർന്ന് ദീപാഷ് കരിപ്പൂരിലേക്ക് വിമാനം കയറി.

വിമാനത്താവളത്തിൽ ബന്ധുക്കളും മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സ്വീകരിക്കാനുണ്ടായിരുന്നു. മകൻ ഒരു പോറലും ഏൽക്കാതെ വീട്ടിലെത്തിയതോടെ പിതാവ് കേളപ്പനും മാതാവ് ദേവിയും സഹോദരങ്ങളായ ദീപയും ദിവ്യയും മറ്റു ബന്ധുക്കളും അതിയായ സന്തോഷത്തിലായിരുന്നു.

2007ൽ ആണ് ദീപാഷ് കപ്പലിൽ ജോലിക്ക് പോകുന്നത്. എന്നാൽ, ഇപ്പോഴുള്ള കമ്പനിയിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് 19 മാസം ആവുന്നതേയുള്ളൂ. ജനുവരിയിൽ നാട്ടിലേക്ക് വരാനിരിക്കുമ്പോഴാണ് ബന്ദിയായത്. അനിഷ്ട സംഭവങ്ങൾ ഉണ്ടായെങ്കിലും മനസ്സൊന്ന് സ്വതന്ത്രമായിട്ട് കപ്പലിലെ ജോലിക്കുതന്നെ പോകണമെന്നാണ് ദീപാഷ് ആഗ്രഹിക്കുന്നത്.

Tags:    
News Summary - Deepash says this is his second birth from the gunpoint of Houthi rebels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.