യുക്രെയ്നിൽനിന്നെത്തിയ ആതിരയെ മേ​പ്പ​യൂ​ർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ സന്ദർശിക്കുന്നു

ആതിരയെത്തി; നാടി​െൻറ സ്നേഹത്തണലിൽ

മേപ്പയൂർ: യുദ്ധം വിതച്ച ഭയാശങ്കകളിൽനിന്ന് മോചനം നേടി ആതിര നാടിന്റെ സ്നേഹത്തണലിലെത്തി. യുക്രെയ്നിൽ മെഡിക്കൽ വിദ്യാർഥിയായ മേപ്പയൂർ സ്വദേശി ആതിര ഡാനിലോയാണ് നാട്ടിൽ തിരിച്ചെത്തിയത്. യുദ്ധം തുടങ്ങിയതു മുതൽ മകളുടെ തിരിച്ചുവരവിനു വേണ്ടി പ്രാർഥനയിലായിരുന്നു മേപ്പയ്യൂരിലെ വ്യാപാരിയായ അത്തിക്കോട്ട് ജയനും ഭാര്യ ശ്രീജിതയും.

ഹലസ്കി ലിവിവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് ആതിര. യുദ്ധം തുടങ്ങിയതോടെ സുരക്ഷിത മേഖലയിലേക്ക് മാറണമെന്ന എംബസിയുടെ അറിയിപ്പിനെ തുടർന്ന് ഹോസ്റ്റലിൽ താമസിക്കുന്ന മുപ്പതോളം വിദ്യാർഥികൾ കാരവൻ വാൻ സംഘടിപ്പിച്ച് പോളണ്ട് അതിർത്തിയിലേക്ക് പോവുകയായിരുന്നു. റാവാറുസ്ക മേഖലയിലെത്തിയെങ്കിലും സ്വന്തം വാഹനവുമായി വന്നവരെ മാത്രമേ അതിർത്തി കടത്തിവിടുകയുള്ളൂവെന്ന തീരുമാനം നടപ്പാക്കിയതിനെ തുടർന്ന് പോളണ്ട് അതിർത്തി തന്നെയായ ഷെഹന്യ മെഡിക്കയിലേക്ക് യാത്ര തിരിച്ചു. മുപ്പതു പേരുള്ള ഇവരുടെ സംഘത്തിൽ ഡൽഹി, ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ളവരുമുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ദുരിതയാത്രയിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യം അനുഭവപ്പെട്ടുവെന്ന് ആതിര പറയുന്നു. അതിർത്തിയിലെത്തി മൂന്ന് ഗേറ്റുകളിലെ നീണ്ട ക്യൂവും മറികടന്ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് പോളണ്ടിലെത്തിയത്.

രണ്ട് ദിവസങ്ങൾ കൊണ്ടാണ് പരിശോധനകൾ പൂർത്തീകരിച്ചത്. ഇവിടെ കടുത്ത തണുപ്പിൽ പുറത്തുനിൽക്കുകയായിരുന്നു. അതിർത്തിയിൽ തിക്കുംതിരക്കും കാരണം വരിതെറ്റിപ്പോയ വിദ്യാർഥികൾക്കു നേരെ യുക്രെയ്ൻ സൈനികർ മോശമായി പെരുമാറുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ്തു. ഇതിനിടയിൽ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല.

മാറി മാറി വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. അതിർത്തി കടന്ന് പോളണ്ടിൽ എത്തിയപ്പോൾ ഭക്ഷണവും സ്റ്റാർ ഹോട്ടലിൽ താമസ സൗകര്യം ഒരുക്കിയതും പോളണ്ടിലെ മലയാളി അസോസിയേഷൻ പ്രവർത്തകരാണ്. എംബസി പ്രതിനിധികൾ പിന്നീടാണ് എത്തിയത്. സർക്കാർ ഏർപ്പെടുത്തിയ ഇൻഡിഗോയുടെ വിമാനങ്ങളിലായാണ് വിദ്യാർഥികളെ ഡൽഹിയിലെത്തിച്ചത്. അവിടെനിന്ന് കേരള സർക്കാറിന്റെ ചാർട്ടേർഡ് ഫ്ലൈറ്റിൽ കൊച്ചിയിലെത്തി.

കോഴിക്കോട്, കൊയിലാണ്ടി, രാമനാട്ടുകര, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളും ആതിരക്കൊപ്പം നാട്ടിലെത്തിയിട്ടുണ്ട്. ഇവർക്കൊപ്പമുള്ള സഹപാഠികളിൽ പലരും യാത്രകൾക്കിടയിൽ ചിതറിപ്പോയി. എംബസി അധികൃതർ നിർദേശിക്കുന്ന ഇടങ്ങളിൽ എത്തിച്ചേരാൻ കഴിയാതെ പലരും കുടുങ്ങിയതായി ആതിര പറഞ്ഞു. മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉൾപ്പെടെയുളളവർ ആതിരയെ സന്ദർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.