എനി ടൈം തട്ടിപ്പ് പ്രതി വീണ്ടും പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: ഉയർന്ന പലിശ വാഗ്ദാനംചെയ്ത് നിക്ഷേപം സമാഹരിച്ച് കോടികളുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ പാലാഴിയിലെ എനി ടൈം മണി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരിൽപെട്ട പ്രതി ആന്റണി സണ്ണിയെ കോടതി വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പ്രോസിക്യൂഷൻ അപേക്ഷ പരിഗണിച്ചാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നടപടി. ഡിജിറ്റൽ തെളിവുകളും മറ്റും കൂടുതൽ ശേഖരിക്കാനുണ്ടെന്ന് കാണിച്ചാണ് വീണ്ടും പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. നേരത്തേ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ആന്റണി സണ്ണിക്കൊപ്പം നിക്ഷേപത്തട്ടിപ്പ് നടത്തി അറസ്റ്റിലായി കണ്ണൂർ ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന തൃശൂർ സ്വദേശികളായ കെ.എം. ഗഫൂർ, ഷൗക്കത്ത് എന്നിവരെ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണസംഘം നേരത്തേ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂവരും കണ്ണൂരിലെ സമാന കേസിൽ റിമാൻഡിലാണ്. അക്കൗണ്ടുകൾ കൂടുതൽ പരിശോധിക്കണമെന്നും പണം ഏതൊക്കെ രീതിയിലാണ് ചെലവഴിച്ചതെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
തട്ടിപ്പിലെ രണ്ടു കേസുകൾ ക്രൈംബ്രാഞ്ച് അസി. കമീഷണർ വി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. രണ്ട് ജീവനക്കാർ നൽകിയ പരാതിയിലാണ് നടപടി. 39 ലക്ഷം രൂപയാണ് ഇവരിൽനിന്ന് തട്ടിയെടുത്തത്. എനി ടൈം മണി എന്നപേരിൽ അർബൻ നിധിയുടെ ശാഖ ഓഫിസ് പന്തീരാങ്കാവിൽ പ്രവർത്തിച്ചിരുന്നു. പന്തീരാങ്കാവ് പൊലീസ് സമാനമായ 20 പരാതികളിലായി 2.75 കോടി രൂപ നഷ്ടപ്പെട്ടതിന്റെ അന്വേഷണം തുടർന്നുവരുകയാണ്. സ്ഥാപനത്തിന്റെ എച്ച്.ആർ മാനേജരായി പ്രവർത്തിച്ച കണ്ണൂർ സ്വദേശിയായ ജീനയെയും വനിത ജയിലിൽനിന്ന് അറസ്റ്റുചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.