കെ.എസ്​.ആർ.ടി.സിയിൽ ചൈൽഡ്​ കെയർ അലവൻസും ശൂന്യവേതനാവധിയും; ഉത്തരവായി

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ദീർഘകാല കരാറിന്‍റെ അടിസ്ഥാനത്തിലെ ഉത്തരവുകളിറങ്ങി. വനിത വിഭാ​ഗം ജീവനക്കാർക്ക് നിലവിൽ നൽകിയിരുന്ന പ്രസവാവധി 180 ദിവസത്തിൽനിന്ന്​ വ്യവസ്ഥകൾക്ക്​ വിധേയമായി ചൈൽഡ് കെയർ അലവൻസും ശ്യൂന്യവേതന അവധിയും അനുവദിച്ച് ഒരുവർഷം വരെ നൽകാൻ തീരുമാനിച്ച ഉത്തരവാണ് ഇറങ്ങിയത്. നിലവിൽ അനുവദിക്കുന്ന ശമ്പളത്തോടൊപ്പമുള്ള 180 ദിവസത്തെ പ്രസവാവധിയുടെ തുടർച്ചയായിട്ടോ ശിശുവിന്‍റെ ജനനതീയതി മുതൽ ഒരു വർഷകാലയളവിനുള്ളിലോ ശൂന്യാവധി നൽകും. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഉൾപ്പെടെ അവധി അപേക്ഷ സമർപ്പിക്കണം. ശൂന്യാവധി കാലയളവിൽ പ്രൊമോഷൻ, ഇൻക്രിമെന്‍റ്​, പെൻഷൻ എന്നിവ ലഭിക്കുകയും ചെയ്യും. ഒരു വർഷക്കാലത്തെ ശൂന്യവേതന അവധിയിൽ പ്രവേശിക്കുന്നവർക്ക് പ്രതിമാസം 5,000 രൂപ അവധി അനുവദിക്കുന്ന തീയതി മുതൽ ചൈൽഡ് കെയർ അലവൻസും ലഭ്യമാകും. ഒരുവർഷത്തെ ശൂന്യാവധി പൂർത്തീകരിക്കുന്നതിന് മുമ്പ്​ തിരികെ ജോലിയിൽ പ്രവേശിക്കുമെങ്കിൽ ആ തീയതി മുതൽ ചൈൽഡ് കെയർ അലവൻസിനോ പിന്നീടുള്ള അവധിയുടെ ബാക്കി കാലയളവിനോ അപേക്ഷിക്കാനാകില്ല. പ്രതിമാസം കുറഞ്ഞത് 20 ലൈൻ ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ നിരക്കിൽ അധിക ബത്ത നൽകുന്ന ഉത്തരവും പുറത്തിറങ്ങി. 20 ഡ്യൂട്ടിക്ക് മുകളിലുള്ള ഡ്യൂട്ടിക്ക് 100 വീതവും അധിക ബത്ത നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.