കവുങ്ങ് തടികൾ കയറ്റാൻ അധിക തുക: സ്ഥലമുടമക്ക് അനുകൂല വിധി

കൊടിയത്തൂർ: തൊഴിലാളികൾ അമിത കൂലി ഈടാക്കിയ സംഭവത്തിൽ സ്ഥലമുടമക്ക് അനുകൂലമായി ഹൈകോടതി വിധി. സ്വന്തം പറമ്പിൽനിന്നും വെട്ടിയെടുത്ത കവുങ്ങ് തടികൾ ലോറിയിൽ കയറ്റുന്നതിനു കയറ്റിറക്കു തൊഴിലാളികൾ അമിത കൂലി ഈടാക്കിയ സംഭവത്തിൽ തോട്ടുമുക്കം സ്വദേശി ആൾഡ്രിനാണ് നിയമ പോരാട്ടങ്ങൾക്കൊടുവിൽ അനുകൂലമായി വിധി ലഭിച്ചത്. സ്വന്തം പറമ്പിൽ മുറിച്ചിട്ട കവുങ്ങിൻ തടികൾ തൊഴിലാളി സംഘടനകളുടെ സഹായമില്ലാതെ തന്നെ ലോറിയിൽ കയറ്റാമെന്ന് കോടതിവിധി വന്നതായി ആൽഡ്രിൻ പറഞ്ഞു. ജനുവരി 28നാണ്​ പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ആൽഡ്രിൻ സ്വന്തം സ്ഥലത്തുള്ള കവുങ്ങുകൾ ഗുരുവായൂർ സ്വദേശി രാജന് ഒരു കവുങ്ങിന് 70 രൂപ നിരക്കിൽ വിൽപന നടത്തിയിരുന്നു. രാജൻ ആയിരം രൂപ വീതം കൂലി നൽകി നിരവധി ജോലിക്കാരെ വെച്ച് ഈ കവുങ്ങുകൾ മുറിച്ചുമാറ്റുകയും 200 മീറ്റർ ദൂരെയുള്ള റോഡിലെത്തിക്കുകയും ചെയ്തു. റോഡരികിൽ കൂട്ടിയിട്ട തടികൾ ലോറിയിൽ കയറ്റുന്നതിനാണ് കയറ്റിറക്കു തൊഴിലാളികൾ അമിത കൂലി ഈടാക്കിയത്. ഒരു കവുങ്ങ് ലോറിയിൽ കയറ്റുന്നതിനു 30 രൂപയിലധികം നൽകാമെന്ന് രാജൻ പറഞ്ഞെങ്കിലും ലോഡിങ് തൊഴിലാളികൾ അനുവദിച്ചില്ല. ഒരു തടിക്ക് 50 രൂപയിലധികം വെച്ച് മൊത്തം 24,000 രൂപ നൽകാതെ ലോറി കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും, ഒടുവിൽ ആകെ കൈയിലുണ്ടായിരുന്ന 16,000 രൂപ മുഴുവൻ നൽകേണ്ടിവന്നുവെന്നും കവുങ്ങ് മുറിക്കാനെത്തിയ തൊഴിലാളികൾ പറയുന്നു. ഇതോടെ, രാജൻ ബാക്കി കവുങ്ങുകൾ മുറിക്കാതെ പോകുകയായിരുന്നു. ഇതേത്തുടർന്നാണ് സ്ഥലമുടമയായ ആൽഡ്രിൻ അമിതമായി വാങ്ങിയ കൂലി തിരിച്ചുലഭിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി ലേബർ ഓഫിസർക്കും, മുക്കം പൊലീസിനും പരാതി നൽകിയത്. പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെ ആൽഡ്രിൻ ഹൈ കോടതിയെ സമീപിക്കുകയായിരുന്നു. ഉടമസ്ഥനു താൽപര്യമുള്ള ആളെ വെച്ച് കമുക് മുറിക്കാം എന്നും കയറ്റിറക്കിന് സംഘടനയുടെ ആവശ്യമില്ലെന്നും വിധി വന്നതോടെ പൊലീസ് സംരക്ഷണത്തിൽ മരങ്ങൾ കയറ്റുകയും ചെയ്തു. തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ട 24,000 രൂപയുടെ സ്ഥാനത്ത് 7000 രൂപക്കാണ് മരങ്ങൾ കയറ്റിയത്. KDR 1 : മുറിച്ചിട്ട മരങ്ങൾ വാഹനത്തിൽ കയറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.