പ്രവാസികൾക്ക് യാത്രദുരിതം; പ്രതിഷേധം ശക്തമാവുന്നു

പയ്യോളി: വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസി മലയാളികൾക്ക് കോവിഡി​ൻെറ പേരിൽ നാട്ടിൽ വരാനും തിരിച്ചു പോകാനും അസൗകര്യം നേരിടുന്നതിൽ പ്രതിഷേധം ശക്തമാവുന്നു. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലേക്ക് നേരിട്ട് യാത്രാസൗകര്യം ഇല്ലാതായിട്ട് ഒന്നര വർഷമായി. ഇക്കാരണത്താൽ വിമാന കമ്പനികൾക്ക് യഥാർഥ നിരക്കി​ൻെറ പത്തും പതിനഞ്ചും ഇരട്ടി യാത്രാക്കൂലി നൽകിയാണ് പ്രവാസികൾ തിരിച്ചുപോവുന്നത്. എന്നാൽ, തിരിച്ചുപോവാൻ കഴിയാതെ നിരവധിപേരുടെ തൊഴിൽ നഷ്​ടപ്പെടുകയും വിസ കാലാവധി അവസാനിക്കുകയും ചെയ്യുന്നതോടെ പ്രവാസികൾ ദുരിതത്തിൽ ആവുകയാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഒരേ വാക്സിനുകൾ വിവിധ രാജ്യങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നത് കാരണം, രണ്ടാം ഡോസെടുക്കുന്നതിനും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും തടസ്സങ്ങൾ ഉണ്ടാവുന്നതും യാത്രക്ക് ബുദ്ധിമുട്ടാവുകയാണ്. ഇക്കാര്യത്തിൽ അധികൃതർ വിദേശകാര്യ മന്ത്രാലയങ്ങളുമായി ചർച്ചചെയ്ത് എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാവണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികൾക്ക് തിരിച്ചു പോകാനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കി വിമാനയാത്രാ സൗകര്യം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി തയാറാവണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു. കൂടാതെ വിദേശ രാജ്യങ്ങളിൽ വെച്ച് കോവിഡ് ബാധിച്ച്‌ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകാൻ കേന്ദ്രസർക്കാർ ഇനിയും തയാറാകാത്തതിലും പ്രതിഷേധം വ്യാപകമാണ്. വിഷയത്തിൽ കേരള പ്രവാസി സംഘം പയ്യോളി പോസ്​റ്റ്​ ഓഫിസിന് മുന്നിൽ ധർണ നടത്തി. കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡൻറ്​ പി.കെ. കബീർ സലാല പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.കെ. ദേവൻ, എൻ.ടി. രാജൻ, രാമചന്ദ്രൻ ആവിക്കൽ, ബിജു കളത്തിൽ, വി.പി. രാമചന്ദ്രൻ, എൻ.എം.ടി. അബ്​ദുല്ലക്കുട്ടി, പി.ടി. നാരായണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.