ജനവിധി തേടി സമൂഹ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടിയ രണ്ടുപേർ

കുറ്റിക്കാട്ടൂർ: അടിയന്തരഘട്ടത്തിലെ പൊതുപ്രവർത്തനവും കഠിനപ്രയത്​നവും വഴി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന രണ്ടുപേരുടെ സ്ഥാനാർഥിത്വം പെരുവയൽ പഞ്ചായത്തിലെ രണ്ടുവാർഡുകളെ ശ്ര​േദ്ധയമാക്കുന്നു. കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരെ പരിചരിക്കാൻ ഓടിയെത്തി വേറിട്ട മാതൃക തീർത്ത സാമൂഹിക പ്രവർത്തകയായ സിൻസിലി അസറുവിൻെറയും പാതിവഴിയിൽ നിർത്തിയ വിദ്യാഭ്യാസം ജീവിതഭാരത്തിനൊപ്പം പുനരാരംഭിച്ച് ബിരുദാനന്തര ബിരുദം നേടിയ എം.പി. സലീമിൻെറയും കന്നിമത്സരമാണ് പെരുവയൽ പഞ്ചായത്തിനെ ശ്രദ്ധേയമാക്കുന്നത്. പഞ്ചായത്ത് 21ാം വാർഡിലാണ് സിൻസിലി അസറു ജനവിധി തേടുന്നത്. ആഗസ്​റ്റ്​ ഏഴിന് കരിപ്പൂർ വിമാനാപകടം കേട്ടറിഞ്ഞ് രാത്രി സ്വന്തം ഇരുചക്രവാഹനം ഓടിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ കുതിച്ചെത്തിയ ഏക വനിതാ വളണ്ടിയറാണ് ഇവർ. പരിക്കേറ്റ സ്ത്രീകളെയും കുട്ടികളെയും പരിചരിക്കാൻ വനിത വളണ്ടിയർമാർ അത്യാവശ്യമുള്ള സമയത്താണ് ഇവർ സേവനനിരതയായത്. സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും പത്രങ്ങളിലും ഈ വാർത്ത വന്നതോടെ സിൻസിലിക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. തിരക്കിട്ട് എത്തിയതിനിടക്ക് ടീം വെൽഫെയർ അംഗമായ സിൻസിലിയുടെ ഭർത്താവ് അഷ്റഫിൻെറ ഇരുചക്രവാഹനം മോഷണം പോവുകയും ചെയ്തു. നഷ്​ടപ്പെട്ടതിന് പകരമായി ഒരു മനുഷ്യ സ്നേഹി ഇവർക്ക് സമ്മാനിച്ച ഇരുചക്ര വാഹനത്തിലാണ് ഇപ്പോൾ യാത്ര. മൂന്ന് കുട്ടികളുടെ മാതാവായ സിൻസിലി വെൽഫെയർ പാർട്ടി സ്ഥാനാർഥിയായാണ് 21ാം വാർഡിൽ മത്സരിക്കുന്നത്. 15ാം വാർഡിൽ യു.ഡി.എഫ് സഥാനാർഥിയായി മത്സരിക്കുന്ന എം.പി. സലീമും ജീവിതത്തിൽ നഷ്​ടപ്പെട്ടത് കഠിനപ്രയത്നത്തിലൂടെ തിരിച്ചുപിടിച്ച് മാതൃകതീർത്ത വ്യക്തിയാണ്. 1996ൽ എസ്.എസ്.എൽ.സി പരീക്ഷ പരാജയപ്പെട്ടതിനെ തുടർന്ന് പാളയം മാർക്കറ്റിൽ നാരങ്ങ കച്ചവടത്തിന് ഇറങ്ങിയയാളാണ് സലീം. വിദ്യാഭ്യാസം വിദൂര സ്വപ്നമായി നടക്കുന്നതിനിടയിലാണ് തുല്യത പരീക്ഷക്ക് ചേരുന്നത്. 2008ൽ പത്താം ക്ലാസ് വിജയിച്ചു. തുടർന്ന് ബി.എയും 2014ൽ എം.എസ്.ഡബ്ല്യൂവും നേടിയതോടെ സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധേയനായി. 36 വയസ്സുള്ള ഇദ്ദേഹം മൂന്നു കുട്ടികളുടെ പിതാവാണ്. ബി.എഡിന് പഠിക്കുന്നതിനിടയിലാണ് മത്സരരംഗത്തിറങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.