ശമ്പളപരിഷ്കരണം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല നിസ്സഹകരണത്തിലേക്ക്

കോഴിക്കോട്: മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് അർഹമായ ശമ്പള പരിഷ്കരണവും ശമ്പള കുടിശ്ശികയും നാലര വർഷമായി നിഷേധിക്കുന്നതിനെതിരെ ഡോക്ടർമാർ ആഗസ്​റ്റ്​ 15 മുതൽ അനിശ്ചിതകാല നിസ്സഹകരണത്തിലേക്ക് കടക്കുമെന്ന് കേരള ഗവൺമൻെറ്​ മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സംസ്ഥാന സമിതി പ്രഖ്യാപിച്ചു. സമരങ്ങൾ നിരോധിച്ച ഹൈകോടതി വിധി ലംഘിക്കാതെ കോവിഡ്, കോവിഡേതര രോഗികളുടെ ചികിത്സകളെ ബാധിക്കാത്ത തരത്തിലാകും അനിശ്ചിതകാല നിസ്സഹകരണത്തിലേക്ക് കടക്കുകയെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. മറ്റ് എല്ലാ വിഭാഗം സർക്കാർ ജീവനക്കാർക്കും ശമ്പളകുടിശ്ശികയടക്കമുള്ള ശമ്പളപരിഷ്കരണം നൽകിയിട്ടും മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് അത് നടപ്പിലാക്കാത്തത് തികഞ്ഞ വിവേചനമാണ്. 2016ൽ ലഭിക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഇതുവരെ നൽകിയിട്ടില്ല. കോവിഡ് വ്യാപനത്തിനിടെ തെലങ്കാന, ഒഡിഷ, ഗോവ, ഹരിയാന, തമിഴ്നാട് സർക്കാറുകളെല്ലാം ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് മാത്രമല്ല, സാലറി ചലഞ്ച്​ നടപ്പാക്കിയതിൽനിന്ന് മെഡിക്കൽ കോളജ് ഡോക്ടർമാരെ ഒഴിവാക്കിയതും ഇല്ല. മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുന്നതോടൊപ്പം കുടിശ്ശികകൂടി അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡൻറ്​ ഡോ. വി.കെ. സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.