ഉദ്ഘാടനത്തിനൊരുങ്ങി ഡയഗ്നോസ്റ്റിക് ലാബും നവജാത ശിശുവിഭാഗവും

** മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന് ലഭിച്ച 'ലക്ഷ്യ' ദേശീയ അംഗീകാരപ്രഖ്യാപനവും നടക്കും കോഴിക്കോട്: മെഡിക്കൽ കോളജിൽ ഉദ്ഘാടനത്തിനൊരുങ്ങി നവജാത ശിശുവിഭാഗവും അതിനൂതന മോളിക്യുലാർ ഡയഗ്നോസ്റ്റിക് ലാബും. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന ഉന്നത മാതൃത്വ സംരക്ഷണ- ലക്ഷ്യ ഗുണനിലവാര പരിശോധനയിൽ കേന്ദ്രത്തിന് ലഭിച്ച ദേശീയ അംഗീകാരത്തിന്‍റെ പ്രഖ്യാപനവും വെള്ളിയാഴ്ച നടക്കും. നവജാത ശിശുവിഭാഗം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഇതുവരെ പ്രത്യേക വിഭാഗമായല്ല പ്രവർത്തിച്ചിരുന്നത്. പുതിയ നിയമനങ്ങളുമായി നവജാത ശിശുവിഭാഗം സ്വതന്ത്രവിഭാഗമായി പ്രവർത്തനമാരംഭിക്കുകയാണ്. മെഡിക്കൽ കോളജിലെത്തുന്ന ശിശുക്കൾക്ക് പ്രത്യേക പരിചരണമാണ് ഇതുവഴി ലഭിക്കുക. ഡി.എം നിയോനാറ്റോളജി കോഴ്സിന് അപേക്ഷിക്കാനും മെഡിക്കൽ കോളജിൽ ഈ വിഭാഗം സ്വതന്ത്രമായി പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആറുകോടി രൂപ ചെലവിലാണ് മോളിക്യുലാർ ഡയഗ്നോസ്റ്റിക് ലാബ് സ്ഥാപിക്കുന്നത്. ജനിതക വൈകല്യം മൂലമുണ്ടാകുന്ന കാൻസർ, ശിശുരോഗങ്ങൾ എന്നിവ നിർണയിക്കുന്നതിനാവശ്യമായ നൂതനമായ മോളിക്യുലാർ ടെസ്റ്റ്, അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അനിവാര്യമായ എച്ച്.എൽ.എ ടൈപ്പിങ് എന്നിവയെല്ലാമാണ് മോളിക്യുലാർ ഡയഗ്നോസ്റ്റിക് ലാബിൽ പ്രധാനമായും പരിശോധിക്കുക. രോഗനിർണയത്തിൽ വലിയ നേട്ടമാണ് ഇതോടുകൂടി മെഡിക്കൽ കോളജ് കൈവരിക്കുക. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം കേന്ദ്രസർക്കാർ നടത്തുന്ന ഗുണനിലാവാര പരിശോധനയാണ് ലക്ഷ്യ. 96 ശതമാനം സ്കോറോടെയാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രം 'ലക്ഷ്യ' നേട്ടം കൈവരിച്ചത്. ബെസ്റ്റ് കമ്പാനിയൻ, തിയറ്റർ, ലേബർ റൂം എന്നിങ്ങനെ വിവിധതരം മാനദണ്ഡങ്ങളനുസരിച്ചാണ് സ്കോർ ലഭിക്കുന്നത്. ജില്ലാടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും ദേശീയ തലത്തിലും മൂന്ന് തവണകളായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്കോർ നിശ്ചയിച്ചത്. ലേബർ റൂമിലും തിയറ്ററിലും 96 ശതമാനം മാർക്കാണ് മെഡിക്കൽ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന് ലഭിച്ചത്. പ്ലാറ്റിനം സ്കോറാണ് ഇത്. ഇന്ത്യയിലെതന്നെ സർക്കാർ മെഡിക്കൽ കോളജുകളിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. ഇതിന്‍റെ ഭാഗമായി മൂന്നുവർഷം 12 കോടി രൂപയാണ് ലഭിക്കുക. ലക്ഷ്യ സ്കോറിങ് ലഭിച്ചതിന്‍റെ പേരിൽ മൊത്തത്തിൽ 36 കോടി രൂപയാണ് കേന്ദ്രസർക്കാർ കേന്ദ്രത്തിന് അനുവദിക്കുക. മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കും ഇംഹാന്‍സിലെ വിദ്യാർഥികൾക്കുംവേണ്ടി നിർമിക്കുന്ന ഹോസ്റ്റലുകളുടെ പ്രവർത്തന ഉദ്ഘാടനവും വെള്ളിയാഴ്ച മന്ത്രി നിർവഹിക്കും. വിദ്യാർഥികൾക്ക് 14 കോടി രൂപ ചെലവിലും ഇംഹാന്‍സിലെ വിദ്യാർഥികൾക്ക് മൂന്നുകോടി രൂപ ചെലവിലുമാണ് ഹോസ്റ്റൽ നിർമിക്കുന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ നിള ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ പത്തിന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡോ. ബീന ഫിലിപ് എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.