ലിതാരയുടെ മരണം: ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കോഴിക്കോട്​: ബാസ്കറ്റ്ബാൾ താരവും റെയിൽവേ ജീവനക്കാരിയുമായിരുന്ന കെ.സി. ലിതാര ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. മരണത്തെക്കുറിച്ച് സീനിയർ ഐ.പി.എസ് ഓഫിസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ മേയ് ആറിന് നൽകിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമീഷൻ നടപടി. ലിതാര റെയിൽവേ കോച്ച് രവി സിങ്ങിന്‍റെ നിരന്തരമായ മാനസിക, ശാരീരിക പീഡനത്തെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നും ഇതിന് റെയിൽവേക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്നും പരാതിയിൽ പറയുന്നു. 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ള ലിതാരയുടെ കുടുംബത്തിന് റെയിൽവേ ഉചിതമായ നഷ്ടപരിഹാരം നൽകണം. റെയിൽവേ കോച്ചിന്റെ പീഡനം കാരണം ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കിൽ ലിതാര ധാരാളം മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിക്കുമായിരുന്നു -പരാതിയിൽ പറയുന്നു. 24ന്​ പരാതി പരിഗണിച്ച കമീഷൻ 2247/4/26/2022 നമ്പറായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ്​ കമീഷൻ ഈയാഴ്ചതന്നെ പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.