ചങ്ങനാശ്ശേരി നഗരസഭ: 37 വാര്‍ഡിലേക്ക് 125 പത്രിക

ചങ്ങനാശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിനമായ വ്യാഴാഴ്ച ചങ്ങനാശ്ശേരി നഗരസഭയില്‍ 37 വാര്‍ഡില്‍ മത്സരിക്കുന്നതിനായി സ്ഥാനാർഥികളുടെ 125 നാമനിർദേശ പത്രികയും ഡമ്മികളുടെ 171 പത്രികയും ലഭിച്ചെന്ന് വരണാധികാരിയായ മുനിസിപ്പല്‍ സെക്രട്ടറി ഷിബു അറിയിച്ചു. ഒന്ന് മുതല്‍ 18 വരെയുള്ള വാര്‍ഡുകളിലേക്ക് 75 പത്രിക ലഭിച്ചു. 19 മുതല്‍ 37വരെയുള്ള വാര്‍ഡുകളിലേക്കുള്ള 50 പത്രിക ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥിയായി നാമനിര്‍ദേശം നൽകിയ 17ാം വാര്‍ഡിലെ പി.എസ്. സുധീഷാണ് നഗരസഭയിലെ പ്രായം കുറഞ്ഞ സ്ഥാനാർഥി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ 13 ഡിവിഷനിലേക്ക് 85 നാമനിര്‍ദേശ പത്രിക ലഭിച്ചു. പത്രിക സമര്‍പ്പിക്കുന്നതിന് കോവിഡ് മാനദണ്ഡം കാറ്റില്‍ പറത്തിയാണ് നേതാക്കളും അണികളും തടിച്ചുകൂടിയത്. ഇത് ഉദ്യോഗസ്ഥരിലും പരിഭ്രാന്തി സൃഷ്​ടിച്ചു. സ്ഥാനാർഥി ബാഹുല്യം മൂലം ചങ്ങനാശ്ശേരി നഗരസഭയില്‍ നാമനിര്‍ദേശ പത്രികകള്‍ പാര്‍ട്ടിയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ച് വാങ്ങുകയായിരുന്നു. എന്നാല്‍, പഞ്ചായത്തുകളില്‍ രാവിലെ തന്നെ ടോക്കണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. ഇതുമൂലം, പഞ്ചായത്തുകളിലെ തിരക്ക്​ നിയന്ത്രിക്കാന്‍ സാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.