കാട്ടുപോത്ത് വേട്ട: പ്രതികൾ റിമാൻഡിൽ; കൂടുതൽ പേർക്കെതിരെ അന്വേഷണം

അടിമാലി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ അറസ്റ്റിലായ എട്ടുപേരെ കോടതി റിമാൻഡ്​ ചെയ്തു. അഞ്ചുകുടി സ്വദേശി കണ്ണന്‍ (രാധാകൃഷ്ണന്‍ -32), അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍ (58), ശക്തിവേല്‍ (22), ഒഴുവത്തടം സ്വദേശി മനീഷ് (രെഞ്ജു -39), പത്താംമൈല്‍ സ്രാമ്പിക്കല്‍ ആഷിഖ് (26), മാങ്കുളം സ്വദേശി ശശി (58), അടിമാലി കൊരങ്ങാട്ടിക്കുടിയില്‍ സന്ദീപ് (35), കൊരങ്ങാട്ടിക്കുടിയില്‍ സാ​​േഞ്ജാ (36) എന്നിവരെയാണ് അടിമാലി കോടതി റിമാൻഡ്​ ചെയ്തത്. സംഭവത്തിൽ ഇറച്ചി വാങ്ങി വിൽപന നടത്തിയ കോൾഡ് സ്റ്റോറേജ് ഉടമയും ഇറച്ചി വാങ്ങുകയും കഴിക്കുകയും ചെയ്തവരടക്കം പത്തിലേറെ പേരെ ഇനിയും പിടികൂടാനുണ്ട്. പിടികൂടിയ തോക്കുകൾ കൂടുതൽ അന്വേഷണത്തിന്​ പൊലീസിന് കൈമാറി. മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന നെല്ലിപ്പാറ വനത്തില്‍ അതിക്രമിച്ചുകയറി കാട്ടുപോത്തിനെ വെടിവെച്ച് കൊന്നശേഷം മാംസം വീതിച്ചെടുക്കുകയും വില്‍പന നടത്തിയതുമായ സംഭവത്തിലാണ് കൂടുതൽ അന്വേഷണം. രണ്ടാഴ്ച മുമ്പ്​ നെല്ലിപ്പാറ വനത്തില്‍നിന്ന് കാട്ടുപോത്തിന്‍റെ തലയും തൊലിയും കണ്ടെത്തിയിരുന്നു. പിന്നിൽ മൃഗവേട്ടയാണെന്ന്​ മനസ്സിലായതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.